സൂപ്പര്‍ഹിറ്റായ ബാലന്‍ വക്കീലിന്റെ വിജയാഘോഷം ഏപ്രില്‍ 12 ന്

single-img
10 April 2019

ഒരു ഇടവേളയ്ക്ക് ശേഷം വെള്ളത്തിരയില്‍ ദിലീപ് വീണ്ടും വക്കീല്‍ കുപ്പായം അണിഞ്ഞ ചിത്രമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായിരുന്നു.

കമ്മാരസംഭവത്തിനു ശേഷമെത്തിയ ദീലിപ് ചിത്രത്തെ വലിയ ആഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രം പുറത്തിറങ്ങി ഏഴു വാരം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബാലന്‍ വക്കീല്‍ ടീം. ഏപ്രില്‍ 12 ന് കൊച്ചി ഐഎംഎ ഹൗസില്‍ വെച്ച് വൈകുന്നേരം ഏഴുമണിയ്ക്ക് ചിത്രത്തിന്റെ വിജയാഘോഷ പരിപാടി നടക്കും.

സംസാര വൈകല്യമുള്ള വക്കീലിന്റെ വേഷത്തില്‍ ദിലീപ് എത്തിയ ചിത്രത്തിലെ നായിക മംമ്ത മോഹന്‍ദാസാണ്. 2019 ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ഹാസ്യ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് മംമ്ത മോഹന്‍ദാസ് ജോഡികള്‍ ഒന്നിച്ചത് ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

അജു വര്‍ഗീസ്, സിദ്ധിഖ്, ബിന്ദു പണിക്കര്‍, പ്രിയ ആനന്ദ്, ഭീമന്‍ രഘു എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച നേട്ടം കൊയ്ത ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശവും വമ്പന്‍ തുകയ്ക്കാണ് വിറ്റു പോയത്. സൂര്യ ടിവിയാണ് സിനിമയുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.