‘കേറി വാടാ മോനേ, നാണക്കേട് ഉണ്ടാക്കല്ലേ’; പാപ്പാന്മാരെ അനുസരിക്കാതെ രണ്ടരമണിക്കൂര്‍ പെരിയാറില്‍ നീന്തിക്കളിച്ച കൊമ്പനാന ഒടുവില്‍ ഉടമയ്ക്ക് മുന്നില്‍ മുട്ടുമടക്കി

single-img
9 April 2019

ഞായറാഴ്ച രാത്രി 10.30നാണ് വിനോദ് എന്ന കൊമ്പനാന നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. കളമശേരി എലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിളക്കിനെഴുന്നള്ളിപ്പിനു ശേഷം പറമ്പില്‍ തളയ്ക്കുന്നതിനിടയില്‍ പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ആന രണ്ടര കിലോമീറ്ററോളം നടന്ന് പെരിയാറിലേക്ക് ഇറങ്ങുകയായിരുന്നു.

പുഴയില്‍ നീന്തിക്കുളിച്ചുകൊണ്ടിരുന്ന ആനയെ പഴക്കുല കാണിച്ചും ഓലമടല്‍ എറിഞ്ഞുകൊടുത്തും അനുനയിപ്പിക്കാന്‍ പാപ്പാന്‍മാര്‍ ഏറെ നേരം ശ്രമിച്ചുവെങ്കിലും പിണക്കം മാറിയില്ല, കരയ്ക്കു കയറിയതുമില്ല. മയക്കുവെടി വയ്ക്കാന്‍ വിദഗ്ധനെ കൊണ്ടുവരാന്‍ പൊലീസ് തയാറായെങ്കിലും പാപ്പാന്‍മാര്‍ സമ്മതിച്ചില്ല.

ആന കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് അവര്‍ക്കുറപ്പായിരുന്നു. തടിച്ചുകൂടിയ നാട്ടുകാര്‍ക്കും ആശങ്കയായി. വിവരമറിഞ്ഞ് ഉടമ പാലാ മഞ്ഞക്കടമ്പ് ഷാജി എത്തുകയായിരുന്നു. ‘കേറി വാടാ മോനേ, നാണക്കേട് ഉണ്ടാക്കല്ലേ, നാട്ടുകാരെക്കൊണ്ട് പറയിക്കല്ലേ”ഉടമയുടെ ശബ്ദം തിരിച്ചറിഞ്ഞ വിനോദ് നിമിഷങ്ങള്‍ക്കകം കരയിലേക്ക് കയറിവന്നു. കണ്ടുനിന്നവര്‍ക്കെല്ലാം കൗതുക കാഴ്ചയായിരുന്നു അത്.