പ്രളയത്തിന് ശേഷം പല സുഹൃത്തുക്കളും ശത്രുക്കളായി: പ്രളയകാലത്തെ രക്ഷകന്‍ ജെയ്‌സല്‍ പറയുന്നു

single-img
9 April 2019

പ്രളയജലം പ്രവഹിക്കവേ സ്ത്രീകളടക്കമുള്ളവരെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്താന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ ധീരനായ മനുഷ്യസ്‌നേഹി ജെയ്‌സലിനെ മലയാളികള്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. പക്ഷേ ജെയ്‌സല്‍ ഇപ്പോള്‍ കടന്നുപോകുന്നത് മറ്റൊരു മാനസികാവസ്ഥയിലൂടെയാണ്.

സ്‌നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായെന്ന് ജെയ്‌സല്‍ പറയുന്നു. ‘നീയിപ്പോള്‍ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്’.

സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ കാര്‍ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയില്‍ കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു. പല മാധ്യമങ്ങളും എനിക്ക് കോടികള്‍ കിട്ടിയെന്ന് പ്രചരിപ്പിച്ചു.

ആളുകള്‍ നല്‍കിയ സഹായം കൊണ്ട് എനിക്ക് വീടു നന്നാക്കാനായി. ഒരു മഹീന്ദ്ര വണ്ടി കിട്ടി. എന്നാല്‍, അക്കൗണ്ടില്‍ ലഭിച്ചത് മൂന്നര നാലു ലക്ഷം രൂപ മാത്രമാണ്. ഈ പണം പാവപ്പെട്ടവരുടെ കല്യാണത്തിനും ചികിത്സാസഹായത്തിനുമൊക്കെ ഞാന്‍ നല്‍കി.

ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവം. ഡല്‍ഹിയിലെ പുരോഗമന സാംസ്‌കാരികസംഘടനയായ ജനസംസ്‌കൃതിയുടെ ആദരമേറ്റു വാങ്ങാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു മലപ്പുറം താനൂര്‍ സ്വദേശിയായ ജെയ്‌സല്‍.

‘മലയാളികള്‍ക്കു നല്ല മനുഷ്യത്വമുണ്ടെന്നു തെളിയിക്കപ്പെട്ടതായിരുന്നു പ്രളയകാലം. ജാതിയും മതവുമൊന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിച്ചു, തുണയായി. എല്ലാവരും ദൈവം എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരും പരസ്പരം കരുതലായി. എന്നാല്‍, പ്രളയശേഷമുള്ള കാര്യങ്ങളെക്കുറിച്ചോര്‍ത്ത് വേദന തോന്നുന്നു. യഥാര്‍ഥത്തില്‍ ഇപ്പോഴുള്ളതല്ലേ പ്രളയം!ജെയ്‌സല്‍ വേദനയോടെ ചോദിക്കുന്നു.

കടപ്പാട്: മാതൃഭൂമി