ശബരിമല ഒരു ദേശത്തിന്റെ പേരാണ്; വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപി മറുപടി നല്‍കി

single-img
8 April 2019

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിശദീകരണം. അയ്യപ്പൻ, ശബരിമല ക്ഷേത്രം എന്നീ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല. ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ഒരു സ്ഥലത്തിന്റെ പേരാണെന്ന് സുരേഷ് ഗോപി ജില്ലാ കലക്ടർ ടി.വി.അനുപമയ്ക്ക് നൽകിയ വിശദീകരണത്തിൽ‌ പറഞ്ഞു.

വിശദമായ മറുപടി നൽകാനായി സി.ഡി പരിശോധിക്കണം. നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നൽകാൻ കൂടുതൽ സമയം നൽകണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

തൃശൂർ നഗരത്തിലെ റോഡ് ഷോക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുയോഗത്തിലാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമലയുടെ പശ്ചാത്തലത്തിലാണ്, ഞാൻ ഈ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യൻ, എന്റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്റെ വികാരമാണെങ്കിൽ, ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ ലഭിക്കും.

കേരളത്തിലല്ല ഭാരതത്തിൽ മുഴുവൻ. മുട്ടുമടങ്ങി വീഴാൻ നിങ്ങളുടെ മുട്ടുകാലുണ്ടാവില്ല. അത്തരത്തിൽ ചർച്ചയാകും. എല്ലാ മതങ്ങളുടേയും വിശ്വാസ സംസ്കാരത്തിന് നേരെ ഓങ്ങിയ ആ കഠാര തവിടുപൊടിയാക്കാൻ വിശ്വാസ സമൂഹമാണ് മുന്നോട്ട് വരാൻ പോകുന്നത്…എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.