സമയമുള്ളപ്പോള്‍ താങ്കള്‍ അഭിനയിച്ച സിനിമകള്‍ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്; സുരേഷ് ഗോപിക്ക് സംവിധായകന്റെ കുറിപ്പ്

single-img
8 April 2019

നടനും തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍. സിനിമയിലെ സുരേഷ് ഗോപി എന്ന താരത്തെ കണ്ട് കൈയടിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ജീവിതത്തിലെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അതൊരു കോമഡി ചിത്രമായി തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു സുദേവന്റെ പ്രതികരണം.

സുദേവന്റെ കുറിപ്പ്–

‘നടന്‍ സുരേഷ് ഗോപി വായിച്ചറിയുവാന്‍. ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ….. തലസ്ഥാനം. ഏകലവ്യന്‍… മാഫിയ… കമ്മീഷണര്‍ തുടങ്ങിയ സിനിമകള്‍ ഇറങ്ങുന്നത്… ആ ഒരു പ്രായത്തില്‍… ആ സിനിമകള്‍.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്… അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും… അതിനു കൂട്ടുനില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയും… മന്ത്രിമാര്‍ക്കു എതിരെയും… കൈ ചൂണ്ടുന്ന നായകനെ ഞങ്ങള്‍ കൈടിച്ചിട്ടുണ്ട്…. കള്ളസ്വാമിയെ… വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ…..

ഈ ഗണത്തില്‍ ഉള്ള സിനിമകള്‍ ഒക്കെ ഗംഭീരമാണെന്നല്ല, ആ പ്രായത്തില്‍ അത് ഞങ്ങള്‍ ആസ്വദിച്ചിരുന്നു എന്നാണു പറഞ്ഞു വരുന്നത്. വേറെ ഒന്നുമല്ല…. സമയമുള്ളപ്പോ… താങ്കള്‍ അഭിനയിച്ച സിനിമകള്‍ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്. സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കൈയടിച്ചിട്ടുണ്ട്…. ആ പ്രായത്തില്‍… ഇപ്പോള്‍ കാണുന്നതൊക്കെ… താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.’–സുദേവന്‍ കുറിച്ചു.

2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചലച്ചിത്രമായ സി.ആര്‍. നമ്പര്‍89 ന്റെ സംവിധായകനാണ് സുദേവന്‍. ജനകീയ കൂട്ടായ്മയിലൂടെയാണ് സുദേവന്‍ സിനിമകള്‍ ചെയ്യുന്നത്. സുദേവന്‍ ചെയ്ത നാല് ഹ്രസ്വചിത്രങ്ങള്‍ നിരവധി അംഗീകാരങ്ങളും ഹ്രസ്വചിത്ര മേളകളില്‍ പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിരുന്നു.