കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ താത്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി

single-img
8 April 2019

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. മുഴുവന്‍ താത്കാലിക ഡ്രൈവര്‍മാരെയും ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഇതോടെ 1,565 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടേണ്ടിവരും. 2,455 ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇവരെ നിയമിക്കാനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണം. ഈ മാസം 30നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതി വിവരറിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

2012 ഓഗസ്റ്റ് 23നു നിലവില്‍ വന്ന പിഎസ്‌സി പട്ടികയിലെ ഉദ്യോഗാര്‍ഥികളാണ് ഹര്‍ജിക്കാര്‍. റിസര്‍വ് ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2,455 ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി 2015 ജൂണ്‍ 30ന് ഇടക്കാല ഉത്തരവു നല്‍കിയിരുന്നു.

ഇതിനിടെ ലിസ്റ്റിന്റെ കാലാവധി 2016 ഡിസംബര്‍ 31 വരെ നീട്ടി. പല തവണ ആരാഞ്ഞെങ്കിലും എംപാനല്‍ ഡ്രൈവര്‍മാരുടെ കണക്ക് കെഎസ്ആര്‍ടിസി ഹാജരാക്കിയില്ലെന്ന് അപ്പീലില്‍ ആരോപിക്കുന്നു.