ഏക സിവില്‍ കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ: ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നല്‍ നല്‍കി 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’

single-img
8 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കി. ‘സങ്കല്‍പ് പത്ര്’ എന്നാണ് പത്രികക്ക് ബി.ജെ.പി പേര് നല്‍കിയിട്ടുള്ളത്. ദേശീയത, ഹിന്ദുത്വം, വികസനം, ജനക്ഷേമം, കര്‍ഷകക്ഷേമം എന്നിവക്കാണ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്.

സൗഹാര്‍ദാന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മിക്കും, ഏകസിവില്‍കോഡ് നടപ്പാക്കും, ഭീകരര്‍ക്കെതിരെ ശക്തമായ നടപടി, കര്‍ഷകര്‍ക്ക് 25 ലക്ഷം കോടി രൂപയുടെ ക്ഷേമപദ്ധതി എന്നിവയാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍. 75 പദ്ധതികളാണ് പ്രകടനപത്രികയില്‍ വിവരിക്കുന്നത്.

ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പത്രികയാണെന്ന് അമിത് ഷാ പറഞ്ഞു. ആദ്യഘട്ട പോളിങ്ങിന് 3 ദിവസങ്ങള്‍ ശേഷിക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക പുറത്തുവരുന്നത്. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും 60 വയസിനു ശേഷം പെന്‍ഷനും ഭൂപരിധി പരിഗണിക്കാതെ എല്ലാ കര്‍ഷകര്‍ക്കു 6000 രൂപ ധനസഹായം അടക്കം വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പലിശരഹിത കര്‍ഷക കെഡ്രിറ്റ് കാര്‍ഡ് ഉറപ്പാക്കുമെന്നും ബിജെപി വാഗ്ദാനം. ഭരണഘടനപരധിക്കുള്ളില്‍ നിന്നു രാമക്ഷേത്ര നിര്‍മാണത്തിനു സൗകര്യമൊരുക്കും ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കും

ഗംഗാ പുനഃരുജ്ജീവനം

ഭാരതീയ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കും

ആഗോള തലത്തില്‍ യോഗ പ്രോത്സാഹിപ്പിക്കും

കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപയും 60 വയസ്സിനു മുകളിലുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു പെന്‍ഷനും

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ വികസനത്തിന് 25 ലക്ഷം കോടി രൂപ

5 കിലോമീറ്ററിനുള്ളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യം

ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരുടെ എണ്ണം ഒറ്റ സംഖ്യയിലേക്കു കുറയ്ക്കും

ചെറുകിട കടയുടമകള്‍ക്ക് പെന്‍ഷന്‍

മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയവ ഇല്ലാതാക്കും

അംഗണവാടി, ആഷ വര്‍ക്കര്‍മാരിലേക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കും

200 പുതിയ കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും

2024 ഓടു കൂടി രാജ്യത്തെ എംബിബിഎസ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും

ലോകത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ളവയുണ്ടാകും.