കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട: സുരേഷ് ഗോപിയോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

single-img
7 April 2019

തൃശൂരില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടേത് ചട്ടലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത് വ്യക്തമായി ബോധ്യപ്പെട്ടതിനാലാണ് കളക്ടര്‍ ടി.വി.അനുപമ സ്ഥാനാര്‍ഥിക്ക് നോട്ടീസ് അയച്ചതെന്നും കളക്ടറെ ആരും തെരഞ്ഞെടുപ്പ് ചട്ടം പഠിപ്പിക്കേണ്ടെന്നും മീണ പറഞ്ഞു.

വരണാധികാരികൂടിയായ കളക്ടര്‍ക്കെതിരെ ബിജെപി നടത്തിയ വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു. നേരത്തെ, കളക്ടറുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കളക്ടറുടെ നടപടി വിവരക്കേടാണെന്നുവരെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. താന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നായിരുന്നു സുരേഷ്‌ഗോപിയുടെ വാദം. ഇഷ്ട ദൈവത്തിന്റെ പേര് പറയാനാകാത്തത് എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അതേസമയം, ബിജെപി വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു. തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ടി.വി. അനുപമ പറഞ്ഞു. തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു, ഇതിന് പിന്നാലെയാണ് മറുപടിയുമായി അനുപമ രംഗത്ത് എത്തിത്.