നാനാത്വത്തെ അംഗീകരിക്കാത്തവരെ ഇന്ന് ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നു: സോണിയാ ഗാന്ധി

single-img
6 April 2019

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്ത് ദേശസ്‌നേഹത്തിന് പുതിയൊരു നിര്‍വചനം കൊണ്ടു വന്നെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യയുടെ നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ തല്‍കോത്ര സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

ജനങ്ങളില്‍ ഉയരുന്ന ഭിന്നാഭിപ്രായങ്ങളെ ബഹുമാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവര്‍ക്കെതിരെ ആക്രമണമുണ്ടാവുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഓടിയൊളിക്കുകയാണ്. ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഇന്ത്യയില്‍ നിയമസംവിധാനം നിലനില്‍ക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ ഒരു നിഷ്പക്ഷ സര്‍ക്കാരാണ് രാജ്യത്തിന് വേണ്ടത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും സോണിയ പറഞ്ഞു.