ശിവസേന നേതാവിനെ വെടിവച്ചു കൊന്നു

single-img
6 April 2019

പഞ്ചാബിലെ ഗുരുദാസ്പുരില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. യുവനേതാവായ അജയ് ഠാക്കൂർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.

ബസ് കയറാനായി പാർട്ടി അദ്ധ്യക്ഷൻ വരീന്ദർ സിംഗ് മുന്നയോടൊപ്പം സ്റ്റാന്‍ഡിലെത്തിയതായിരുന്നു അജയ്
ഠാക്കൂര്‍. ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ അജയ്
ഠാക്കൂറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘സംഭവത്തിനു പിന്നില്‍ തീവ്രവാദമോ അത്തരത്തിലുള്ള മറ്റ് ലക്ഷ്യങ്ങളോ ഒന്നുമില്ല. പ്രതികള്‍ക്ക് അജയ് താക്കൂറുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അന്വേഷണത്തില്‍ നിലവില്‍ അറിയാന്‍ കഴിഞ്ഞത്,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വര്‍ന്ദീപ് സിംഗ് പറഞ്ഞു.

കൊലപാതകം നടത്തിയ ദീപ് , പ്രിൻസ്, മീത എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നഗരത്തിലെ അറിയപ്പെടുന്ന കുറ്റവാളികളാണെന്നും ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളില്‍ നിന്നും അജയ് ഠാക്കൂര്‍ മുമ്പും ഭീഷണികള്‍ നേരിട്ടിരുന്നുവെന്നും, പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നും അജയ് ഠാക്കൂറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.