സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയെ വെട്ടിമുറിക്കണമെന്ന് മെമ്മോറാണ്ടം കൊടുത്ത രണ്ടു കക്ഷികളാണ് മുസ്‌ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും: ശ്രീധരൻപിള്ള

single-img
6 April 2019

മുസ്‌ലിം ലീഗിന് എതിരെ പറഞ്ഞത് മുസ്‌ലിങ്ങള്‍ക്ക് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ഇന്ത്യയെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായി വേര്‍തിരിക്കണം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഈ വാദഗതി അപകടരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്‌ലിം ഹിന്ദു പ്രശ്‌നമായിട്ടല്ല ബിജെപി കാണുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയെ വെട്ടിമുറിക്കണമെന്ന് മെമ്മോറാണ്ടം കൊടുത്ത രണ്ടു കക്ഷികള്‍ മുസ്‌ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പതിനാറ് സ്വതന്ത്ര റിപബ്ലിക്കുകള്‍ ആക്കണം എന്നും അതിനായി ഹിതപരിശോധന നടത്തണം എന്നുമായിരുന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യം. ഇന്ത്യയെ രണ്ടാക്കണമെന്നായിന്നു മുസ്‌ലിം ലീഗിന്റെ ആവശ്യം. അതിന്റെ തനിയാവര്‍ത്തനമാണ് രാഹുല്‍ വയനാട്ടിലേക്ക് വരുമ്പോള്‍ നടക്കുന്നത്- ശ്രീധരന്‍പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്പോള്‍ വിതച്ചത് വിനാശത്തിന്റെ വിത്താണ്. പഴയ സര്‍വേന്ത്യാ ലീഗിന്റെ പൈതൃകം തള്ളിപ്പറയാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.