ബിജെപിയില്‍ അതൃപ്തി പുകയുന്നു; മത്സരിക്കാനില്ലെന്ന് സുമിത്ര മഹാജനും

single-img
5 April 2019

ഇന്‍ഡോറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടെന്നും പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും പ്രഖ്യാപനം എത്രയും വേഗം നടത്തണമെന്നും ബിജെപി നേതൃത്വത്തിന് അയച്ച കത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ ഇതുവരെ കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടില്ല.

ഇതിനിടെ മോദി അമിത് ഷാ അധികാര കേന്ദ്രത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ആര്‍.എസ്.എസ് രംഗത്തെത്തി. ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. അഡ്വാനിക്കും ജോഷിക്കും സീറ്റ് നിഷേധിച്ചതില്‍ ബിജെപിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നുണ്ട്.