ലോക്സഭാ തെരഞ്ഞെടുപ്പ്: കോട്ടയം മണ്ഡലത്തിൽ ഇടത്പക്ഷവും എൻ ഡി എയും അമിതമായി പണം ചെലവഴിക്കുന്നു; ആരോപണവുമായി യു ഡി എഫ്

single-img
4 April 2019

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇടത്പക്ഷവും എൻ ഡി എ മുന്നണിയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന ആരോപണവുമായി യു ഡി എഫ്. ഇത് ചൂണ്ടിക്കാട്ടി യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഇടതുപക്ഷ സ്ഥാനാർത്ഥിയായ വി എൻ വാസവനും എൻ ഡി എ സ്ഥാനാർത്ഥിയായ പി സി തോമസും പ്രചാരണത്തിന് പണം വൻതോതിൽ ചെലവഴിക്കുന്നുവെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി  തോമസ് ചാഴിക്കാടൻ അടക്കമുള്ളവരുടെ ആരോപണം.

ഇരു മുന്നണികളുടെയും പോസ്റ്ററുകളും ചുവരെഴുത്തും പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും വൻതുക മുടക്കി ഹ്രസ്വചിത്രമടക്കം പുറത്തിറക്കുകയാണെന്നും യു ഡി എഫ് ആരോപിക്കുന്നു. അമിതമായി പണം ചെലവഴിക്കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, അമിതമായി പണം ചെലവഴിക്കുന്നില്ലെന്നും ചെലവഴിക്കുന്ന പണത്തിന് കൃത്യമായ കണക്കുകളുണ്ടെന്നും എൽ ഡി എഫ് അറിയിച്ചു. തങ്ങള്‍ അമിതമായി പണം ചെലവഴിക്കുന്നില്ലെന്നാണ് എൻ ഡി എയും അവകാശപ്പെടുന്നത്.