ടയർ ഡീലർമാരുടെ സംഘടനയായ ‘ടിഡാക്കി’ന് ഔദ്യോഗിക തുടക്കമായി: ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാന പദ്ധതികളും

single-img
4 April 2019

ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും ഏകീകൃത നിരക്കിലുള്ള സേവനം ലഭ്യമാക്കുന്നതും ടയർ വിപണിയിലെ പ്രവർത്തകരുടെ ഉന്നമനവും ലക്ഷ്യമിട്ടു രൂപീകരിച്ച ടയർ ഡീലേർസ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള (ടിഡിഎഎകെ – ടിഡാക്ക് ) എന്ന പ്രസ്ഥാനത്തിന് ഔദ്യോഗിക തുടക്കമായി. ആദ്യത്തെ സമ്പൂർണ യോഗത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു.

സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ടിഡാക് അംഗങ്ങളിൽനിന്നു വീൽ അലൈന്റ്മെന്റ്, വീൽ ബാലൻസിങ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഓരോ 500 രൂപയ്ക്കും ലഭിക്കുന്ന കൂപ്പണുകളിലൂടെയാണ് സമ്മാനങ്ങൾ. കൂടാതെ രണ്ടു കാർ ടയറുകളോ ഓരോ മോട്ടോർ സൈക്കിൾ ടയറോ വാങ്ങുമ്പോഴും സമ്മാന കൂപ്പണുകൾ ലഭിക്കും.

ബമ്പർ സമ്മാനമായി മെഴ്‌സിഡസ് ബെൻസ് ജി എൽ എ, ടൊയോട്ട യാരിസ്, ഹ്യുണ്ടായ് സാൻട്രോ തുടങ്ങിയ സമ്മാനങ്ങൾ നൽകും. കൂടാതെ 14 പേർക്ക് ഹോണ്ട ആക്ടിവ സ്‌കൂട്ടറും സമ്മാനമായി ലഭിക്കും.

സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ടിഡാക് അംഗങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത.

സമ്മാന പദ്ധതിയുടെ കൂപ്പണും സംഘടനയുടെ ലോഗോയും പ്രകാശനം ചെയ്തു. പ്രസിഡന്റ് ബിജു മേനോൻ അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികൾ: ശിവകുമാർ, ഫിലിപ് ജോർജ് (വൈസ് പ്രസി), സി.വി.ഫൈസൽ (സെക്ര), റിയാസ് കെ. മുഹമ്മദ് (ട്രഷ), ജലീൽ, പി.എസ്. ബിനു (ജോ സെക്ര).