സുരേന്ദ്രനു പിന്നാലെ ശോഭയും; ശബരിമല സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തിയതിന് ശോഭാ സുരേന്ദ്രനെതിരെ 27 കേസുകൾ കൂടിരജിസ്റ്റർ ചെയ്തു

single-img
4 April 2019

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തിയതിന് ആറ്റിങ്ങൽ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ 27 കേസുകൾ കൂടിരജിസ്റ്റർ ചെയ്തു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കേസിന്റെ വിവരം പോലും പോലീസ് അറിയിച്ചിരുന്നില്ലെന്നും ഏപ്രിൽ രണ്ടിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ശബരിമല ആചാര സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 13 കേസുകളാണ് ഉണ്ടായിരുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.  തൻറെ പേരിലുണ്ടായിരുന്ന കേസുകളിൽ അല്ല ജാമ്യമെടുത്തതിന് പിന്നാലെയാണ് 27 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതെന്നാണ് അവർ പറയുന്നത്.

ഇതോടെ 40കേസുകളാണ് ശബരിമല  ശബരിമല സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ സമരത്തിൻറെ പേരിൽ ശോഭാ സുരേന്ദ്രനുള്ളത്.

ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് കള്ളക്കേസ്സുകൾ ചുമത്തി തന്നെ ആക്രമിക്കുന്നുവെന്നും നാൽപ്പതിലേറെ കേസ്സുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വിജയിക്കുമെന്ന സ്ഥിതി വന്നപ്പോൾ അത് തടയാൻ മുഖ്യമന്ത്രിയും സി പി എമ്മും നടത്തുന്ന ഗൂഢാലോചനയാണിത്. കേസ്സുകൾ ചുമത്തി തന്നെ മണ്ഡലത്തിലെ പ്രചരണത്തിൽ നിന്നും മാറ്റി നിർത്താനാണ് ശ്രമമെന്നും  അവർ ആരോപിച്ചു.

ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയതിനാണ് ഇത്രയും കേസ്സുകൾ തനിക്കു മേൽ ചുമത്തപ്പെട്ടത്. വിശ്വാസ സംരക്ഷണം തകർത്തതിൽ ഒന്നാം പ്രതി സി പി എമ്മും രണ്ടാം പ്രതി കോൺഗ്രസ്സുമാണ്. നിയമസഭയിലടക്കം മൗനം പാലിച്ച കോൺഗ്രസുകാർ ചാനലുകളിലെ എ സി മുറിയിലെ ചർച്ചകളിൽ മാത്രമാണ് വിശ്വാസികൾക്കൊപ്പം നിന്നതെന്നും കേസെടുത്ത് പേടിപ്പിച്ചെന്നു വച്ച് തല കുനിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.