450-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ രാജിവെക്കണം:ശ്രീധരൻ പിള്ള

single-img
3 April 2019

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ 450-ലേറെപ്പേരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്ന് പറഞ്ഞ ശ്രീധരൻ പിള്ള, മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ജനങ്ങളോട് സര്‍ക്കാര്‍ മറുപടി പറയണം. ദുരന്തം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് വ്യക്തമായതിനാല്‍ ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കണം. നഷ്ടപരിഹാരം നല്‍കുന്നതിലെയും പുനര്‍നിര്‍മ്മാണത്തിലെയും പുനരധിവാസത്തിലെയും വീഴ്കളും അന്വേഷിക്കണം. കേന്ദ്ര സര്‍ക്കാരിനെതിരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്ര സേനകള്‍ക്കെതിരെയും സിപിഎമ്മും സര്‍ക്കാരും വ്യാജപ്രചാരണം നടത്തിയത് വീഴ്ച മറച്ചുവെക്കാനായിരുന്നുവെന്നും ഇതോടെ വ്യക്തമാകുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.