ബത്തേരി മുനിസിപ്പാലിറ്റി ഭരിക്കുന്നത് മാണി കോൺഗ്രസും ഇടതുപക്ഷവും ചേർന്ന്: രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കേരളാ കോണ്‍ഗ്രസ് സഹകരണമില്ല

single-img
2 April 2019

ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിയുമായുള്ള സഹകരണം കേരള കോണ്‍ഗ്രസ് എമ്മിനെ  വെട്ടിലാക്കുന്നു. സഹകരണം അവസാനിപ്പിക്കാതെ യുഡിഎഫില്‍ അടുപ്പിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് ഐ സി ബാലകൃഷ്ണന്‍  അറിയിച്ചു.

ജില്ലയിലെ യുഡിഎഫ് നേതൃത്വം എടുത്ത തീരുമാനമാണിത്. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രാദേശിക സഹകരണം ഒഴിവാക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടിട്ടും കേരളാ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് തര്‍ക്കത്തിന് കാരണം. കേരള കോണ്‍ഗ്രസ് എം വയനാട്ടില്‍ ഇടതുമുന്നണിയെ സഹായിച്ചാല്‍ കോട്ടയത്ത് തിരിച്ചടിയുണ്ടാകുമെന്ന് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഇടതുമുന്നണിയുമായി സഹകരിക്കുന്ന ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാന്‍ കെഎം മാണി തയ്യാറാകണമെന്നും ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം പങ്കെടുത്തിരുന്നില്ല. ബൂത്ത് കമ്മിറ്റി രൂപീകരണ യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് വിട്ടു നിന്നു. ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് ഭരിക്കുന്നത്.

പ്രശ്നത്തില്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വയനാട് ജില്ലാ പ്രസിഡണ്ട് എം സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ഇതുവരെ കേരളാ കോണ്‍ഗ്രസ് സഹകരിച്ചിട്ടില്ല.