സ്ഫടികവുമായി ഭദ്രനും എത്തുന്നു; രണ്ടാം ഭാഗമല്ല, 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ വീണ്ടും റിലീസ്

single-img
1 April 2019

സ്ഫടികം സിനിമയുടെ 25-ാം വാര്‍ഷികത്തില്‍ ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്നും എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം ഇല്ലെന്നും സംവിധായകൻ ഭദ്രൻ.  മാര്‍ച്ച് 30 ന് ചിത്രത്തിന്റെ 24-ാം വാര്‍ഷികമായിരുന്നു. 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെയാണ് ചിത്രം വീണ്ടും പ്രദര്‍ത്തിന് എത്തിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന അവകാശവാദവുമായി ബിജു ജെ കട്ടക്കല്‍ എന്ന സംവിധായകന്‍ സ്ഫടികം 2 ഇരുമ്പന്‍ സണ്ണി എന്ന ചിത്രം ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ ഭദ്രന്‍ രംഗത്ത് വരികയും ചെയ്തു.

ഭദ്രന്റെ  ഫേസ്ബുക്ക് കുറിപ്പ്:

സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും നാട്ടുകാരും എന്റെ മാതാപിതാക്കളും ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ, നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 k ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ, അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….

‘ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.’