കേസുകൾ കാരണം എല്ലാ തിരഞ്ഞെടുപ്പുകളിലും കോടതിയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ട അവസ്ഥയാണെന്നു ശോഭാ സുരേന്ദ്രൻ

single-img
1 April 2019

ഏതു പൊതുസമരത്തിനു പോയാലും പ്രതിയാകുന്ന അവസ്ഥയാണുള്ളതെന്നും സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസുകളെന്നും  ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. കേസെടുത്താലും അറിയിക്കാതെ മൂടിവയ്ക്കും. തിരഞ്ഞെടുപ്പ് സമയത്താവും വാറന്റ് ഉണ്ടെന്നുപറയുന്നത്. അതിനാല്‍, എല്ലാ തിരഞ്ഞെടുപ്പുകളിലും കോടതിയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തെ മരവിപ്പിക്കാനുള്ള ശ്രമമാണിത്. കഴിഞ്ഞ നാലു ദിവസം തനിക്ക് മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു എന്നും അവര്‍  വ്യക്തമാക്കി. ശബരിമല വിധിക്കു ശേഷം നടത്തിയ പ്രതിഷേധ സമരങ്ങളാണ് കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ കേസുകള്‍ക്കു പിന്നില്‍. സൗമ്യവധക്കേസില്‍ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടത്തിയിട്ടുള്ളത് ഞങ്ങളാണ്. അതിലും എനിക്കെതിരെ കേസുകളുണ്ട്.

തൃശൂരില്‍ ടോള്‍ സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റു.  ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു മാസം പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. അതിലും പ്രതി ഞാനാണ്. ശോഭാ സുരേന്ദ്രന്റെ പ്രസംഗം കേട്ട് പ്രകോപിതരായി പൊലീസിനു ദ്ധിമുട്ടുണ്ടാക്കുന്നരീതിയിലേക്കു സമരം മാറിയെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, സത്യത്തില്‍ എന്റെ തല തല്ലിപ്പൊളിച്ച് ഞാന്‍ ആശുപത്രിയിലാവുകയാണ് ഉണ്ടായത്. ഇതെല്ലാം
സൂചിപ്പിക്കുന്നത് കേസുകളില്‍ ആഭ്യന്തരവകുപ്പിന്റെ ഗൂഢാലോചന ഉണ്ടെന്നാണ്.

എറണാകുളത്ത് തൃപ്തി ദേശായി വന്നപ്പോള്‍ നടത്തിയ ഉപരോധത്തിനു നേതൃത്വം നല്‍കിയതിനും കെസ് എടുത്തു. കോട്ടയത്തും ഈ വിഷയത്തില്‍ തന്നെയാണ് കേസ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കുമാറിന്റെ വീട് അര്‍ദ്ധരാത്രിയില്‍ ഉപരോധിച്ചതിന് നേതൃത്വം നല്‍കിയതിനാണ് പത്തനംതിട്ടയില്‍ കേസ്. ആറന്മുളയില്‍ നാപജപം നടത്തിയതിന്റെ പേരിലാണ് കേസ്. അങ്ങനെ നാലോളം കേസുകള്‍ പത്തനംതിട്ട ജില്ലയിലുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി സമരത്തിനു നേതൃത്വം നല്‍കിയാലുടന്‍ കേസ് എടുക്കുകയാണ്. അങ്ങനെയാകുമ്പോള്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്തേക്കുവരാന്‍ ആളുകള്‍ ഭയപ്പെടും. പക്ഷേ, കേസെടുത്ത് തന്നെ
ഭയപ്പെടുത്താനാവില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ജനകീയവിഷയങ്ങള്‍ ഏറ്റെടുത്ത് ഇനിയും സമരരംഗത്തേക്കു വരുമെന്നും പൊലീസിനെ പേടിച്ച് വീട്ടിലിരിക്കുന്നയാളല്ല താനെന്നും അവര്‍ പറഞ്ഞു. കേസുകള്‍ വന്നാല്‍
അഭിമുഖീകരിക്കുകയും ജനങ്ങള്‍ക്കു വേണ്ടി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.