വയനാട്ടില്‍ നിന്നും ഇടതുമുന്നണി സ്ഥാനാർഥിയെ പിൻവലിക്കണം; തെരഞ്ഞെടുപ്പു കഴിയുമ്പോൾ രാജ്യത്തെ ഏറ്റവും ചെറിയ പ്രാദേശിക പാർട്ടിയായി സിപിഎം മാറും: മുല്ലപ്പള്ളി

single-img
1 April 2019

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വയനാട്ടിൽ മത്സരിക്കുന്ന രാഹുൽഗാന്ധിയ്ക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥി മത്സരിക്കരുതെന്ന്  കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം പ്രാദേശിക പാര്‍ട്ടിയാകുമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പരിഹസിച്ചു. ഫാസിസത്തെ പരാജയപ്പെടുത്താനും, ജനാധിപത്യവും മതേതരത്വവും ഊട്ടിയുറപ്പിക്കാനുമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെങ്കില്‍, അവര്‍ തീര്‍ച്ചയായും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകണം. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും ചെറിയ ഒരു പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറാന്‍ പോകുകയാണെന്നും മുല്ലപ്പളളി പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിസിസി ഓഫീസില്‍ ,തിണ്ണനിരങ്ങുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. എന്തിന് വേണ്ടി? ആ സഖ്യത്തില്‍ പങ്കാളിയാക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് സിപിഎം നിലക്കൊളളുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പളളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.