‘ഹിന്ദുമേഖലയില്‍നിന്ന് പേടിച്ചോടുന്നു’; രാഹുലിനെ ഉന്നമിട്ട് മോദിയുടെ വിവാദപരാമര്‍ശം

single-img
1 April 2019

രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. പരാജയഭീതിയിലായ പ്രതിപക്ഷനേതാക്കള്‍ ഹിന്ദുമേഖലകളില്‍നിന്ന് ഒളിച്ചോടുകയാണെന്ന് മോദി തുറന്നടിച്ചു. ഹിന്ദുവിഭാഗത്തെ ഭീകരവാദികളായി ചിത്രീകരിച്ച കോണ്‍ഗ്രസുകാര്‍, അതിന്റെ ഫലമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. ഹിന്ദുത്വതീവ്രവാദം എന്ന വാദം കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. ഇത് രാജ്യത്തിന് നാണക്കേടാണ്. ഹിന്ദുക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു സംഭവംപോലും നിങ്ങള്‍ക്ക് കാണിച്ച് തരാനാവില്ലെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം ഭരിച്ചിട്ട് പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ് മോദി ഇപ്പോള്‍ ജനങ്ങളെ വര്‍ഗീയമായി തരംതിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസിന് പുറമെ മറ്റുപ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.