എന്നാലും പ്രിയപ്പെട്ട മോദി…; സിനിമയില്‍ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട്; പക്ഷേ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന്, അതും ഈ തിരഞ്ഞെടുപ്പുവേളയില്‍: ബാലചന്ദ്ര മേനോന്‍

single-img
1 April 2019

സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന്റെ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ച് ബാലചന്ദ്രമേനോന്‍. തന്റെ പുതിയ വിശേഷങ്ങള്‍ രസകരമായ വാക്കുകളിലൂടെ പ്രേക്ഷകരെ അറിയിക്കുന്ന താരം ഇത്തവണയും പതിവുതെറ്റിച്ചില്ല. താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനൊപ്പമാണ് പ്രധാനമന്ത്രി മോദിയും യൂട്യൂബില്‍ ചാനലുമായി എത്തുന്നതെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. സിനിമയില്‍ ഈ അനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും മോദിയില്‍ നിന്നും ഇത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ലെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു.

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–

ഇത് വെറും തമാശയാണ് …എന്നു പറഞ്ഞാല്‍ വെറും തമാശ.’ ഈ കുറിപ്പിന്റെ പിന്നില്‍ എന്തെങ്കിലും ‘ഗൂഢാലോചന’ ഉണ്ടെന്നോ ഞാന്‍ ഒരു ‘ പുകവലയം ‘ സൃഷ്ടിക്കുകയാണെന്നെന്നൊന്നും ദയവായി കാട് കയറി ചിന്തിക്കരുതെന്നു പ്രത്യേക മുന്നറിയിപ്പ്. എന്റെ തലേലെഴുത്തിനെപ്പറ്റിയാണ് പറയാന്‍ പോകുന്നത് …

എല്ലാര്‍ക്കുമുള്ളതു പോലെ എനിക്കും ഒരു ജാതകം ഉണ്ടല്ലോ. അത് സംബന്ധിച്ച ഒരു ചുഴിക്കുറ്റമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ കരുതും മോദിയുടെ ഒരു പടം ഇട്ടേച്ചുംവച്ചു ഇങ്ങേരെന്നതാ ഈ ‘വളുവളാന്നു’ പറഞ്ഞോണ്ടിരിക്കുന്നതു എന്ന് ..പറയാം മാഷേ …ഇച്ചിരി ക്ഷമീര് ..

എണ്‍പതുകളില്‍ ഞാന്‍ പ്രേമഗീതങ്ങള്‍ എന്ന എന്റെ ആദ്യത്തെ സംപൂര്‍ണ കാംപസ് ചിത്രം റിലീസ് ചെയ്തു. അതിനു ഒപ്പം ഭാഗ്യരാജിന്റെ മൗനഗീതങ്ങള്‍ എന്ന തമിഴ് ചിത്രവും തിയറ്ററുകളില്‍ എത്തി. വല്ല കാര്യവുമുണ്ടോ ? പ്രേമഗീതനകളും മൗന ഗീതങ്ങളും ഒരുമിച്ചു വന്നപ്പോള്‍ എന്തോ ഒരു ഇത്.

അതൊക്കെ ശരി സമ്മതിച്ചു …മോദിക്കും ഇതിനും തമ്മില്‍ എന്തു ബന്ധം എന്ന് പറ. ശെടാ…. നിങ്ങള്‍ തോക്കില്‍ കേറി വെടി വെക്കല്ലപ്പാ .. ..ഞാന്‍ പറയാം…. എന്നാ പറ

1982 ല്‍ ഞാന്‍ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പേരില്‍ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുറെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു ചിത്രം പുറത്തിറക്കി . 1986 ആയപ്പോള്‍ ഏതാണ്ട് അതേ പശ്ചാത്തലത്തില്‍ താളവട്ടം എന്നൊരു സിനിമ പ്രിയന്‍ സംവിധാനം ചെയ്തു ..

1985 ല്‍ ഞാന്‍ കാര്‍ത്തിക എന്ന നടിയെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ടു മണിച്ചെപ്പു തുറന്നപ്പോള്‍ എന്നൊരു സിനിമ തയാറാക്കി. കാര്‍ത്തികയുടെ ഭര്‍ത്താവായി അഭിനയിക്കേണ്ട വേഷമായിരുന്നു എന്റേത്. 1988 ആയപ്പോള്‍ മോഹന്‍ലാല്‍ ഭര്‍ത്താവായി അഭിനയിച്ചുള്ള ചിത്രംപുറത്തു വന്നു . നായിക രഞ്ജിനി .. സംവിധാനം വീണ്ടും പ്രിയന്‍

1993 ല്‍ ആനിയെ നായികയാക്കിയുള്ള എന്റെ ചിത്രം . അമ്മയാണെ സത്യം പുറത്തു വന്നു. ആനി ആണ്‍ വേഷത്തില്‍ വന്നു എന്നതായിരുന്നു ആ പ്രേക്ഷകര്‍ ആ പടത്തെ നെഞ്ചിലേറ്റാന്‍ കാരണം.

2005 ആയപ്പോള്‍ ദേണ്ടേ വരുന്നു രസതന്ത്രം എന്ന സത്യന്‍ അന്തിക്കാട് ചിത്രം .ആനിക്കു പകരം മീര ജാസ്മിന്‍ ആണ്‍ വേഷം കെട്ടി പ്രേക്ഷരെ സന്തോഷിപ്പിച്ചു . ‘അമ്മയാണെ സത്യത്തില്‍’ മുകേഷ് ചെയ്!തത് മോഹന്‍ലാല്‍ രസതന്ത്രത്തില്‍ വെടിപ്പാക്കി. അതൊക്കെ ഞങ്ങള്‍ക്കറിയാവുന്ന കാര്യമാ …

ഇനിയെങ്കിലും പറ മോദിക്കിവിടെ എന്താ കാര്യമെന്ന് ? എന്ത് തെറ്റാണ് അദ്ദേഹം നിങ്ങളോടു ചെയ്തത് ? എന്നതാണെന്നോ ? ഭയങ്കര ‘ചെയ്ത്തല്ലേ’ എനിക്കിട്ടു ചെയ്തത്. ഞാന്‍ fimy FRIDAYS എന്ന പേരില്‍ എന്റെ യൂട്യൂബില്‍ ഒരു പുതിയ പ്രോഗ്രാം തുടങ്ങാന്‍ പോവുകയാണ്. എന്റെ ഇന്നിത് വരെയുള്ള സിനിമ ജീവിതത്തിന്റെ ഒരു ദൃശ്യാവിഷ്‌ക്കാരമാണ് സംഗതി. പ്രാരംഭ പണികളൊക്കെ ഏകദേശം പൂര്‍ത്തിയായി. വരുന്ന ഏപ്രില്‍ 12 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്ക് ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും. അപ്പോഴാണ് മോദി, യൂട്യൂബ് തുടങ്ങുന്നു എന്ന വാര്‍ത്ത ഞാന്‍ വായിക്കുന്നത്. ഇനി പറ .. ഞാന്‍ ‘ വളവളാ’ പറഞ്ഞോണ്ടിരുന്നതിന്റെ കാരണം ഇപ്പം മനസ്സിലായോ?

എന്നാലും പ്രിയപ്പെട്ട മോദി …സിനിമയില്‍ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന്, അതും ഈ തിരഞ്ഞെടുപ്പുവേളയില്‍, ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. എനിക്ക് മനസ്സിലാകാത്തത് എന്റെ യൂ ട്യൂബ് കാര്യം ആര് അദ്ദേഹത്തോട് പറഞ്ഞു എന്നാണു. എന്തായാലും ഞാന്‍ പിന്നോട്ടില്ല ഏപ്രില്‍ 12 ന് തന്നെ എന്റെ വള്ളം ഇറക്കും. അല്ലെങ്കില്‍തന്നെ എന്റെ ഫെയ്‌സ്ബുക്ക് മിത്രങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു മടിക്കണം ?

മറക്കല്ലേ ; ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണി.