അമിത് ഷായുടെ ഭാര്യയുടെ വരുമാനത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 16 മടങ്ങ് വര്‍ധന

single-img
31 March 2019

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ സൊനാല്‍ ഷായുടെ വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായത് പതിനാറു മടങ്ങ് വര്‍ധനവ്. അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

2014ല്‍ 14 ലക്ഷം വാര്‍ഷികവരുമാനം ഉണ്ടായിരുന്ന സൊനാല്‍ ഷായുടെ നിലവിലെ വാര്‍ഷിക വരുമാനം 2.3 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് അമിത് ഷായ്ക്ക് 31 കോടി രൂപയുടെ വസ്തുവകകളാണ് സ്വന്തമായുള്ളത്.

2013ല്‍ തന്റെ അമ്മ കുസും ഷായുടെ മരണ ശേഷം 23 കോടി രൂപ ലഭിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 2013-14 കാലയളവില്‍ ഷായുടെ വരുമാനം 41,93,218 രൂപയായിരുന്നെങ്കില്‍, 2017-18 കാലയളവില്‍ അത് 53,90,970 രൂപ ആയി വര്‍ധിച്ചു.

2014-15 കാലഘട്ടത്തില്‍ സൊനാല്‍ ഷായുടെ വരുമാനം 39 ലക്ഷമായിരുന്നു. 2015-16 കാലഘട്ടത്തില്‍ ഇത് 1 കോടി രൂപയായി. കൃഷി, ഷെയര്‍ ഇന്‍വെസ്റ്റ്മെന്‍റുകള്‍, വാടക തുടങ്ങിയവയാണ്  സൊനാല്‍ ഷായുടെ വരുമാന സ്രോതസ്സുകള്‍ എന്നാണ് വെളിപ്പെടുത്തല്‍.

തനിക്കെതിരെ നിലവില്‍ നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും അമിത് ഷാ  സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രസംഗത്തിലെ തീവ്ര പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ കേസ്. രണ്ടാമത്തേത് അപകീര്‍ത്തി പരാമര്‍ശനത്തിന്റെ പേരിലും. ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ ചെരുപ്പ് ധരിച്ചതിനും ലാലു പ്രസാദിനെ ‘ചാരാ ചോര്‍’ എന്ന് വിശേഷിപ്പിച്ചതിനുമാണ് മറ്റു രണ്ടു കേസുകള്‍.

ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് അമിത് ഷാ തന്റെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.