മോദി വെളിപ്പെടുത്തും മുമ്പേ രഹസ്യ മിഷന്‍ യുഎസ് വ്യോമസേന ‘ലൈവായി’ കണ്ടു ?

single-img
30 March 2019

ഇന്ത്യയുടെ ഉപഗ്രഹവേധമിസൈല്‍ പരീക്ഷണം അമേരിക്ക നിരീക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ വ്യോമസേനയുടെ ചാരവിമാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ മിഷന്‍ ശക്തി ദൗത്യം ട്രാക്ക് ചെയ്ത് കണ്ടുപിടിച്ചതെന്നാണ് വെളിപ്പെടുത്തലിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിക്കും മുന്‍പെ അമേരിക്കന്‍ വ്യോമസേന ഇക്കാര്യം കണ്ടെത്തിയിരുന്നു. ഇന്ത്യയ്ക്ക് സമീപമുള്ള ദ്വീപായ ഡീഗോ ഗാര്‍സിയയില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക് തിരിച്ച വിമാനമാണ് (USAF RC135S 624128 CHAOS45) ഇന്ത്യയുടെ ആന്റി–സാറ്റലൈറ്റ് മിഷന്‍ ട്രാക്ക് ചെയ്തത്. ഈ വിമാനത്തിന് ഇന്ധനം നിറയ്ക്കാന്‍ മറ്റൊരു വിമാനവും തിരിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വച്ചാണ് ഇന്ത്യയുടെ മൈക്രോസാറ്റ് ആര്‍ വെടിവച്ചിട്ടത്.

അമേരിക്കയുടെ ബോയിങ് നിര്‍മിത ആര്‍സി–135 നിരീക്ഷണ വിമാനം ഉപയോഗിച്ച് ഡീഗോ ഗാര്‍സിയക്ക് സമീപമുളള വ്യോമ നീക്കങ്ങളെല്ലാം അമേരിക്കന്‍ വ്യോമസേന നിരീക്ഷിക്കുന്നുണ്ട്. ഈ വിമാനത്തില്‍ ഘടിപ്പിച്ച ടെക്‌നോളജി ഉപയോഗിച്ച് റിയല്‍ ടൈം നിരീക്ഷണമാണ് അമേരിക്കന്‍ വ്യോമസേന നടത്തുന്നത്.

അതേസമയം ഉപഗ്രഹവേധമിസൈല്‍ പരീക്ഷണം ചാരവിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക തള്ളി. പരസ്പര സഹകരണവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുന്ന ശക്തമായ ബന്ധമാണ് ഇന്ത്യയുമായുള്ളതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്‌ബേണ്‍ പറഞ്ഞു.

പരമാധികാരം, സ്വതന്ത്രവും ന്യായവുമായ വ്യാപാരം, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കല്‍, തര്‍ക്കങ്ങളില്‍ സമാധാനപരമായ തീരുമാനങ്ങളെടുക്കല്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും പരസ്പര ധാരണയോടെയാണ് നിലനില്‍ക്കുന്നത് എന്നും ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്‌ബേണ്‍ പറഞ്ഞു.

ഇന്ത്യയുടെ എസാറ്റ് മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് എയര്‍ഫോഴ്‌സ് സ്‌പേസ് കമാന്റ് കമാന്റര്‍ ലഫ്. ജനറല്‍ ഡേവിഡ് ഡി തോംസണ്‍ വ്യക്തമാക്കി. വിക്ഷേപണത്തോടനുബന്ധിച്ച് വ്യോമഗതാഗതം നിരോധിച്ചുകൊണ്ട് ഇന്ത്യ ഉത്തരവിറക്കിയതില്‍ നിന്നാണ് അതേക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നും എയര്‍ഫോഴ്‌സ് മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ നിന്നും ബക്ക്‌ലി വ്യോവസേന താവളത്തില്‍ നിന്നുമുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും തോംസണ്‍ പറഞ്ഞു.

മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷമാണ് അതേക്കുറിച്ചുള്ള വിവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അമേരിക്ക ഇന്ത്യയെ നിരീക്ഷിച്ചിട്ടില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളെയും മിത്രങ്ങളെയും എല്ലാവരും ഇന്ന് നിരീക്ഷിക്കുന്നുണ്ട്. ആ രീതിയിലാണ് ഇന്ന് ലോകം മുന്നോട്ട് പോവുന്നത് എന്നും ഹാര്‍വാഡ്‌സ്മിത്ത് സണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ബഹിരാകാശ ഗവേഷകനായ ജോന്നാഥന്‍ മക്‌ഡൊവല്‍ പറഞ്ഞു.