അച്ഛന്‍ നേരത്തെ തന്നെ ബി.ജെ.പി വിടേണ്ടതായിരുന്നുവെന്ന് സൊനാക്ഷി സിന്‍ഹ

single-img
30 March 2019

ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ പിന്തുണച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. അദ്ദേഹം ഇക്കാര്യം നേരത്തെ ചെയ്യേണ്ടിയിരുന്നതാണെന്നും അര്‍ഹിച്ച ബഹുമാനം അദ്ദേഹത്തിന് ബിജെപിയില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും സൊനാക്ഷി സിന്‍ഹ പറഞ്ഞു.

ജയപ്രകാശ് നാരായണ്‍, അടല്‍ ബിഹാരി വാജ്‌പേയി, എല്‍കെ അദ്വാനി എന്നിവരുടെ കാലത്ത് പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്റെ പിതാവിന് വളരെയധികം ബഹുമാനം ലഭിച്ചിരുന്നു. എന്നാല്‍ അവരുടെ കൂട്ടത്തിലുള്ള ആര്‍ക്കുംതന്നെ ഇപ്പോള്‍ അര്‍ഹിക്കുന്ന ആദരവ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്നില്ല എന്നാണ് താന്‍ കരുതുന്നതെന്നും സൊനാക്ഷി സിന്‍ഹ പറഞ്ഞു.

നിങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ സംതൃപ്തി ഇല്ലെങ്കില്‍ അവിടെനിന്ന് മാറിനില്‍ക്കുന്നതില്‍ ലജ്ജ തോന്നേണ്ട കാര്യമില്ലെന്ന് സോനാക്ഷി സിന്‍ഹ പറഞ്ഞു. അതാണ് തന്റെ പിതാവ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

ലോക്‌സഭയിലെ ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ ചേരുമെന്നും അറിയിച്ചിരുന്നു. ഏപ്രില്‍ ആറിന് സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി സ്ഥാനാര്‍ഥിയായി പട്‌നേ സാഹിബ് സീറ്റില്‍ നിന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ മല്‍സരിച്ച് ജയിച്ചത്. ഇക്കുറി കോണ്‍ഗ്രസില്‍ ടിക്കറ്റില്‍ പട്‌ന സാഹേബ് സീറ്റില്‍ നിന്ന് ശത്രുഘ്‌നന്‍ സിന്‍ഹ മല്‍സരിക്കും.