രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് സൂചന

single-img
30 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകള്‍. രാഹുല്‍ വയനാടും പ്രിയങ്ക വാരണാസിയിലും മത്സരിക്കുമെന്നാണ് സൂചനകള്‍. പ്രിയങ്ക വരുന്നതോടെ മോദിക്ക് കടുത്ത സമ്മര്‍ദം ഉണ്ടാക്കാന്‍ കഴിയുമെന്നും ഒപ്പം രാഹുല്‍ സുരക്ഷിതമണ്ഡലം തേടിയെന്ന വിമര്‍ശനം ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

വയനാട് സീറ്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നു കെ.സി വേണുഗോപാല്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമോ എന്നതില്‍ തീരുമാനമുണ്ടാകും. അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

ഇതിനിടെ, വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തി. തീരുമാനം വൈകരുതെന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തീരുമാനം എത്രയും വേഗം വേണമെന്ന് എഐസിസിയെ അറിയിച്ചതായി പാണക്കാട്ട് ചേര്‍ന്ന അടിയന്തിര നേതൃയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ചയ്ക്ക് മുമ്പ് തീരുമാനമുണ്ടായേക്കും.