ബിജെപി സീറ്റ് നല്‍കി; ഞാന്‍ വേണ്ടെന്ന് പറഞ്ഞു: ടോം വടക്കന്‍

single-img
29 March 2019

ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താന്‍ നിരസിച്ചതായി ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. എന്നാല്‍ ഏത് സീറ്റാണ് വാഗ്ദാനം ചെയ്തത് എന്ന് ടോം വടക്കന്‍ സൂചിപ്പിച്ചില്ല. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ടോം വടക്കന്‍റെ വെളിപ്പെടുത്തല്‍.

താന്‍ ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ്. താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ. അതിനിടയില്‍ സ്ഥാനാര്‍ത്ഥിയായി അവര്‍ക്കിടയില്‍ എത്തിയാല്‍ അത് അവരോടുള്ള വഞ്ചനയാകും. അതുകൊണ്ടാണ് സീറ്റ് വേണ്ടെന്നു പറഞ്ഞതെന്നും ടോം വടക്കൻ പറഞ്ഞു.

ഒരു കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഏറ്റവും അടുപ്പക്കാരാനായിരുന്ന ടോം വടക്കന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഒരു വര്‍ഷമായി തന്നെ കാണുവാന്‍ പോലും കൂട്ടാക്കിയില്ലെന്ന് ആരോപിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്‍റെ സ്വഭാവമാറ്റം എന്നും ടോം വടക്കന്‍ ആരോപിക്കുന്നു.

രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച ടോം വടക്കന്‍ തനിക്ക് മുകളില്‍ വളരുന്നയെല്ലാം വെട്ടി രാഹുല്‍ സ്വയം വലുതാണെന്ന് നടിക്കുകയാണ് എന്ന് ആരോപിക്കുന്നു. എന്നാല്‍ ഇത് ഒരു ശരിയായ രാഷ്ട്രീയമല്ലെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ക്കുന്നു.