വയനാടും വടകരയും ഒഴിവാക്കി കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങി; ഇതു ശരിയാകില്ലെന്നു ലീഗ്

single-img
29 March 2019

വയനാടും വടകരയും ഒഴിവാക്കി കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി. പുതിയ സ്ഥാനാര്‍ത്ഥി പട്ടികയിൽ ബിഹാര്‍, ഒഡീഷ, യുപി സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്.

ബീഹാറിലെ നാലും, ഒഡീഷയിലെ ഏഴും യുപിയിലെ ഒരു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാര്‍ സര്‍സറാമില്‍ വീണ്ടും ജനവിധി തേടും. സുപോളില്‍ രഞ്ജിത് രഞ്ജനും, ധെന്‍കനലില്‍ ബ്രിഗേഡിയര്‍ കെ പി സിംഗ്‌ദേവും, ജഗത് സിംഗ് പൂരില്‍ പ്രതിമ മല്ലിക്കും ജനവിധി തേടും.

ഇതുവരെ 306 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ അംഗത്വം എടുത്ത ബോളിവുഡ് താരം ഊര്‍മിള മന്‍ഡോദ്കറെ മുംബൈ നോര്‍ത്തില്‍  സ്ഥാനാര്‍ത്ഥിയാക്കാനും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കി.

പുതിയ പട്ടികയിലും വയനാടും വടകരയും ഇല്ലാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം വൈകുന്നത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഇക്കാര്യം കേരള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും സ്ഥാനാര്‍ത്ഥിത്വം നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം നീണ്ടുപോകുന്നതില്‍ ആശങ്ക ലീഗ് സംസ്ഥാന നേതൃത്വത്തെയും ഡിസിസി നേതൃത്വത്തെയും അറിയിച്ചതായി വയനാട് ലീഗ് ജില്ലാ പ്രസിഡന്റ് പി പി കരീം അറിയിച്ചു.