പാര്‍ട്ടി ഓഫീസിലെ കാവല്‍ക്കാരന് രാജിക്കത്ത് നല്‍കി ബിജെപി എംപി പാര്‍ട്ടിവിട്ടു

single-img
27 March 2019

ലക്‌നോ: ഹര്‍ദോയില്‍ നിന്നുള്ള ബിജെപി എംപി അന്‍ഷുള്‍ വര്‍മ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. ബിജെപിയുടെ ‘ഞാനും കാവല്‍ക്കാരന്‍’ എന്ന പ്രചരണത്തെ പരിഹസിച്ച് ലക്‌നോവിലെ പാര്‍ട്ടി ഓഫീസിലെ കാവല്‍ക്കാരന് അന്‍ഷുള്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്‍ഷുള്‍ വര്‍മ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു.

2014 ല്‍ അന്‍ഷുള്‍ ജയിച്ച സീറ്റ് ഇത്തവണ ജയ് പ്രകാശ് റാവത്തിന് നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. റാവത്ത് നേരത്തെ രണ്ടുവട്ടം ഹര്‍ദോയില്‍നിന്നും എംപിയായ ആളാണ്. എന്നാല്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും മറ്റൊരു മണ്ഡലത്തില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തു.

2018 ല്‍ റാവത്ത് എസ്പിയില്‍നിന്നും രാജിവച്ച് ബിജെപിയില്‍ തിരിച്ചെത്തി. മടങ്ങിവന്ന റാവത്തിന് പാര്‍ട്ടി ഹര്‍ദോയി സീറ്റ് തന്നെ നല്‍കുകയും ചെയ്തു. ഇതോടെയാണ് അന്‍ഷുള്‍ വര്‍മയ്ക്കു സീറ്റ് നിഷേധിക്കപ്പെട്ടത്.