ശത്രുഘ്നൻ സിൻഹ ഇനി മുതൽ ബിജെപിയുടെ ശത്രുപക്ഷത്ത്

single-img
26 March 2019

ബിജെപിയ്ക്കുള്ളിൽ പാളയത്തിൽ പട നയിച്ച മുതിർന്ന നേതാവ് ശത്രുഘ്നൻ സിൻഹ ഇനി മുതൽ കോൺഗ്രസിൽ. ബിജെപി ലോക്സഭയിലേക്കു സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണു പാർട്ടിമാറ്റം.

ഈ മാസം അവസാനം ന്യൂഡൽഹിയിൽവച്ച് അദ്ദേഹം അംഗത്വമെടുക്കുമെന്നു ബിഹാർ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ് എംപി അറിയിച്ചു. മുൻ കേന്ദ്രമന്ത്രിയായിരുന്നു സിൻഹ.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം വിമർശിക്കുന്ന സിൻഹ, കോൺഗ്രസിൽ ചേരുമെന്നു കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹമുണ്ടായിരുന്നു. മാത്രമല്ല ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മകളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ സജീവ സാന്നിധ്യമായിരുന്നു.

ബിഹാറിൽ സിൻഹയുടെ പട്ന സാഹിബ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ ബിജെപി സ്ഥാനാർഥിയാക്കിയതോടെ ബന്ധം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ‘കോൺഗ്രസ് യുക്ത ഭാരതത്തിന്’ സമയമായെന്നു സിൻഹ ട്വീറ്റ് ചെയ്തു.

ഏത് സാഹചര്യത്തിലും പട്ന സാഹിബ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നു സിൻഹ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെയും മോദി, അമിത് ഷാ എന്നിവരുടെ ശൈലിയെയും രൂക്ഷഭാഷയിലാണു സിന്‍ഹ വിമർശിച്ചിരുന്നത്. എന്നിട്ടും അദ്ദേഹത്തെ പുറ‌ത്താക്കിയിരുന്നില്ല. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന സിൻഹയെ 2014-ലെ കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിൽ മോദി അവഗണിച്ചതോടെയാണു പിണക്കത്തിന് ആക്കം കൂടിയത്.


സ്ഥാപക നേതാവ് എൽ.കെ.ആഡ്വാണിക്ക് സീറ്റ് നിഷേധിച്ചു ഗാന്ധിനഗറിൽ അമിത് ഷാ സ്ഥാനാർഥിയാകുന്നതിനെയും സിൻഹ വിമർശിച്ചിരുന്നു. വേദനാജനകവും ലജ്ജാകരവുമായ തീരുമാനമാണു പ്രധാനമന്ത്രി മോദിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു സിൻഹ പറഞ്ഞു. ഇതിനു തിരഞ്ഞെടുപ്പിൽ ജനം തക്കതായ മറുപടി നൽകുമെന്നും തുടർച്ചയായ ട്വീറ്റുകളിൽ സിൻഹ വ്യക്തമാക്കി.

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വെച്ചായിരിക്കും ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക.