ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു

single-img
26 March 2019

സമാജ്‌വാദി പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു. രാംപൂരില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജയപ്രദ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനിച്ചിട്ടുള്ള ജയപ്രദ, രണ്ട് തവണ എം.പിയായിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയില്‍ നിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തില്‍ തെലുഗു മഹിളാ സംഘടനയുടെ അധ്യക്ഷ പദവി വരെ വഹിച്ചിരുന്നു.

പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് തെലുങ്ക് ദേശം പാര്‍ട്ടി വിട്ട ജയപ്രദ യുപിയിലേക്ക് ചുവടുമാറ്റി. സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ജയപ്രദ യുപിയിലെ രാംപുരില്‍ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി. 2004ലിലും 2009ലും ആയിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയങ്ങള്‍.

ഇതിന് പിന്നാലെയായിരുന്നു അസംഖാന്‍ വിവാദം. അസംഖാന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് വരെ ജയപ്രദ ആരോപിച്ചിരുന്നു. വിവാദത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിംഗിനൊപ്പം ആര്‍എല്‍ഡിയില്‍ ചേക്കേറി.

2014ല്‍ ബിജ്‌നോര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇക്കുറി വീണ്ടും ബിജെപി ടിക്കറ്റില്‍ രാംപുരില്‍ നിന്ന് ജയപ്രദ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.