ഫഹദ്–സമാന്ത ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

single-img
26 March 2019

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്‌സിന്’ എ സര്‍ട്ടിഫിക്കറ്റ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രം കൂടിയാണിത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ശില്‍പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ക്കും നഗ്‌നരംഗത്തിനുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

യുവന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മാര്‍ച്ച് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.