ശബരിമല; സുപ്രീംകോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി

single-img
25 March 2019

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊയോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ട്രാന്‍സ്ഫര്‍ പെറ്റീഷന്‍, ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ച ഹൈക്കോടതി വിധി റദ്ദാക്കണം എന്നീ ഹര്‍ജികളാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കേസ് പരിഗണിക്കവെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ച ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാവില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയെ സമീപിക്കാം.

ശബരിമലയെ കുറിച്ചുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം കേസുകളിലേക്ക് കടക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഹര്‍ജികള്‍ ഹൈക്കോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്കു മാറ്റണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ഡിസംബര്‍ 3നാണ്. 3 മാസത്തിനു ശേഷമാണ് സര്‍ക്കാരിന്റെ ഈ ആവശ്യം സുപ്രീം കോടതി പരിഗണിക്കുന്നത്.