പത്തനംതിട്ടയിലും തിരുവനന്തപുരത്തും എന്‍എസ്എസ് പിന്തുണ ബിജെപിക്ക്: വന്‍ വെളിപ്പെടുത്തല്‍

single-img
25 March 2019

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചെന്ന് മാവേലിക്കരയിലെ മുന്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ്. മറ്റിടങ്ങളില്‍ യുഡിഎഫിനെ പിന്തുണക്കാനാണ് എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് ചങ്ങനാശ്ശേരിയില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും രാജിവെച്ച എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ടി.കെ.പ്രസാദ് ആരോപിച്ചു.

എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടതിനു പിന്നാലെയാണ് മുന്‍ പ്രസിഡന്റിന്റെ ആരോപണം. ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയും, തിരുവനന്തപുരമടക്കമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും, മറ്റ് മണ്ഡലങ്ങളില്‍ യു.ഡി.എഫിനും അനുകൂലമായ നിലപാടുമെടുക്കണമെന്ന് എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് ടി.കെ.പ്രസാദ് പറയുന്നു.

ഇടത് സ്ഥാനാര്‍ഥികളുമായി സഹകരിക്കേണ്ടതില്ലായെന്നാണ് വാക്കാല്‍ നല്‍കിയ നിര്‍ദേശമെന്നും മാവേലിക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് പറയുന്നു. ഇടതുസ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിന് കമ്മിറ്റിയംഗങ്ങളെ ചങ്ങനാശേരിയിലേക്ക് വിളിച്ചുവരുത്തി രാജി എഴുതി വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഒരു തരത്തിലും പിന്തുണക്കരുത്. അവരുമായി ബന്ധംപുലര്‍ത്തരുത് എന്നും നിര്‍ദേശിക്കുകയുണ്ടായി. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാര്‍ വോട്ടഭ്യര്‍ഥിച്ച് ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ചിറ്റയം ഗോപകുമാറിനെ സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടി.കെ.പ്രസാദ് പറഞ്ഞു.