‘പാര്‍ട്ടിയുമായി ബന്ധമില്ലാത്ത എനിക്ക് പാര്‍ട്ടി ഓഫീസില്‍ പോകേണ്ട ആവശ്യമില്ല’; ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ അറസ്റ്റിലായ പ്രകാശന്റെ വീഡിയോ പുറത്ത്

single-img
24 March 2019

ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ അറസ്റ്റിലായ പ്രകാശന്‍ സി.പി.എമ്മുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും പ്രകാശന്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയും താനുമായി ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ അവളുമായുള്ള തന്റെ ബന്ധം മുറിഞ്ഞിട്ട് ഏറെ നാളുകളായി എന്നും പ്രകാശന്‍ പറയുന്നു. എന്തിനാണ് പെണ്‍കുട്ടി ഇപ്പോള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും പ്രകാശന്‍ തന്റെ വീഡിയോയില്‍ പറയുന്നു.

”തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി ഓഫീസില്‍ പോകേണ്ടതിന്റെ ആവശ്യം വന്നിട്ടില്ല. അവള്‍ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് അത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അറിയില്ല. ആരെയും പറ്റിക്കണമെന്ന് തനിക്ക് ഉദ്ദേശമില്ല. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ല. ഏതെങ്കിലും പാര്‍ട്ടിയുടെ പേര് പറയുന്നുണ്ടെങ്കില്‍ അവരൊക്കെ നിരപരാധികളാണെന്നും പ്രകാശന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇന്നലെ പ്രകാശിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് തൊട്ടു മുന്‍പ് പറഞ്ഞ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.