ശ്രീധരൻപിള്ളയ്ക്കും കെ സുരേന്ദ്രനും മുകളിലൂടെ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പറന്നിറങ്ങുമെന്നു പറയുന്ന കോൺഗ്രസ് നേതാവ് ടോം വടക്കനാണോ?

single-img
23 March 2019

ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയില്ല. അര്‍ധരാത്രിയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. ഇതോടെ പത്തനംതിട്ടയെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുകയാണ്. ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ സ്ഥാനാർത്ഥിയാരെന്നുള്ള കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

പ്രയാര്‍ ഗോപാലകൃഷ്ണനോ, പി ജെ കുര്യനോ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപി നിലപാടുകള്‍ക്കൊപ്പം നിന്ന പ്രയാര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറിയേക്കുമെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് പ്രയാർ ഗോപാലകൃഷ്ണൻ തന്നെ രംഗത്തെത്തി.

താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ആവര്‍ത്തിക്കുകയാണ് പ്രയാര്‍. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നും ഏതറ്റം വരെ പോകുമെന്ന് നോക്കി പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ പറഞ്ഞത്.

അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കനു  വേണ്ടിയാണോ പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്. ടോം വടക്കൻ കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്നു കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. ഇതോടെയാണ് സീറ്റിൻ്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തത്.  ടോം വടക്കൻ്റെ ബിജെപി പ്രവേശനം കേരളത്തിലെ ബിജെപി നേതൃത്വം അറിഞ്ഞില്ലെന്ന ആരോപണവും മുമ്പ് ഉയർന്നിരുന്നു.

മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം കോണ്‍ഗ്രസ് നേതാവുമായി നേരിട്ടിടപെട്ട് ചര്‍ച്ചകള്‍ തുടരുന്നതായാണ് വിവരം. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ടയില്‍ മത്സരിക്കാനെത്തുന്നതോടെ മണ്ഡലത്തില്‍ വലിയ നേട്ടം ഉണ്ടാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ പ്രതിഫലിക്കുന്ന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടായാല്‍ വിജയം ഉറപ്പിക്കാമെന്ന കണക്കു കൂട്ടലുമുണ്ട്.

കെ.​സു​രേ​ന്ദ്ര​നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യും പ​ത്ത​നം​തി​ട്ട​യ്ക്ക് വേ​ണ്ടി രം​ഗ​ത്തു​ള്ള​പ്പോ​ഴും അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.