പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരം; ഇടതുപക്ഷം വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുവാൻ തയ്യാറാകുമോ എന്ന് ടി സിദ്ദിഖ്

single-img
23 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ വയനാട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാകുമെന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ അനന്തമായ വികസന സാധ്യതകളാണ് തുറന്നിടുന്നതെന്നും കോണ്‍ഗ്രസ് നേതാവ്  ടി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുൽ വയനാട് മണ്ഡലത്തില്‍ മത്സരിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വയനാട്ടിലെ ജനത അദ്ദേഹത്തെ വിജയിപ്പിക്കുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പറയുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ അവസരത്തില്‍ വയനാട്ടിലെ അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്നും സിദ്ദിഖ് ചോദിച്ചു.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ട ഒരാളാണ് ഞാന്‍. രാഹുല്‍ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് മാറാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആവേശമായി മാറാനുമുളള സുവര്‍ണാവസരമാണ്  തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇത് ഒരു അംഗീകാരമായി താന്‍ കാണുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇത് ലഭിക്കില്ല. ഒരുപാട് വികസനം വരേണ്ട മേഖലയാണ് വയനാട്. വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ അനന്തവികസന സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്-  സിദ്ദിഖ് പറഞ്ഞു.

പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സുവര്‍ണാവസരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലുടെ ലഭിക്കുന്നത്. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ അലയൊലി തീര്‍ക്കും.  കര്‍ണാടക, കേരള ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ രാഹുല്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നുവെങ്കിലും ഭാഗ്യം സിദ്ധിച്ചത് കേരളത്തിനാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.