ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍

single-img
23 March 2019

താന്‍ ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍.
പത്തനംതിട്ടയില്‍നിന്ന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. ഞാന്‍ നിരസിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ ഞാന്‍ മല്‍സരിച്ച് ആന്റോ ആന്റണി ഇടുക്കിയില്‍ മല്‍സരിക്കുമായിരുന്നു.

രമേശ് ചെന്നിത്തല ഉള്‍പ്പെടെ മല്‍സരിക്കുന്ന കാര്യം ചോദിച്ചെങ്കിലും വേണ്ടെന്ന നിലപാട് അറിയിച്ചിരുന്നു. തിരുവന്തപുരത്തും ഡല്‍ഹിയിലും നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റികളിലും ഇക്കാര്യം വ്യക്തമാക്കി. ഈ നിമിഷം വരെ ബിജെപിയില്‍നിന്ന് ആരും എന്നെ സമീപിച്ചിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോള്‍ ഇതിലും വലിയ ഓഫര്‍ വന്നതാണ്. കള്ള പ്രചാരണം നടത്തുന്നത് ആരാണെന്നു കണ്ടെത്തണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ട ഒഴിച്ചിട്ടതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. പി.ജെ.കുര്യനെ ഇവിടെ സ്ഥാനാര്‍ഥിയാക്കുമെന്നും അമിത് ഷാ ഇക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്‌തെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.