പിഎം നരേന്ദ്രമോദി ചിത്രത്തിൻ്റെ പോസ്റ്ററിൽ തൻ്റെ പേരു കണ്ടു ഞെട്ടിപ്പോയെന്ന് ജാവേദ് അക്തർ: ആ സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ല

single-img
23 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാകുന്ന പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ ക്രഡിറ്റ് കാർഡിൽ തന്നെ ഉൾപ്പെടുത്തിയതിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍. താന്‍ പാട്ട് എഴുതിയിട്ടില്ലാത്ത ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്.

പ്രസൂണ്‍ ജോഷി, സമീര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ജാവേദ് അക്തറിന്റെ പേരും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന് വേണ്ടി താന്‍ ഒരു പാട്ട് പോലും എഴുതിയിട്ടില്ലെന്നും തന്റെ പേര് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് ഞെട്ടലുളവാക്കുന്നുവെന്നും ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.

വിവേക് ഒബ്‌റോയി മോദിയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് വരെയുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്.