പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ച ബോംബ് വീണു പൊട്ടി: ആർഎസ്എസ് കാര്യവാഹകിന്റെ മക്കൾക്ക് പരിക്ക്

single-img
23 March 2019

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ബോംബ് താഴെവീണു പൊട്ടി രണ്ടുകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. കണ്ണൂരിലെ നടുവിലിലാണു സംഭവം.

ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് കതിരുമ്മൽ ഷിബുവിന്റെ മകൻ എം.എസ്.ഗോകുൽ (8), ശിവകുമാറിന്റെ മകൻ ഇളം പാവിൽ കാഞ്ചിൻ കുമാർ (12) എന്നിവർക്കാണ് പരുക്കേറ്റത്. വീടിന് മുൻപിലുള്ള പക്ഷി കൂടിൽ നിന്ന് താഴെ വീണ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം കാഞ്ചിനെ കണ്ണൂര്‍ കോയിലി ആശുപത്രിയിലും ഗോകുലിനെ പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ബോംബിന്റെ ചീളുകള്‍ ശരിരത്തില്‍ തറച്ചതിനെ തുടര്‍ന്നാണ് ഗോകുലിന് ഗരുതരമായി പരിക്കേറ്റത്. സ്ഫോടനത്തിൽ ഗോകുലിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലാണ്.

സ്‌ഫോടനം നടന്ന സ്ഥലത്ത് തളിപ്പറമ്പ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. കുടിയാന്‍ മല പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.