കാവൽക്കാ‍ർ കള്ളൻമാരെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത് നിർഭാഗ്യകരം; രാജ്യത്തെ എല്ലാ കാവൽക്കാരോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

single-img
20 March 2019
Prime Minister Narendra Modi inaugurate Hindon Commercial Airport with Uttar Pradesh Chief Minister Yogi Adityanath at Sahibabad in Uttar Pradesh on Friday. EXPRESS PHOTO BY PRAVEEN KHANNA 08 03 2019.

ന്യൂഡല്‍ഹി: കാവല്‍ ജോലിചെയ്യുന്നവരെ അധിക്ഷേപിച്ച് കൊണ്ടുള്ള പ്രചാരണങ്ങളിൽ രാജ്യത്തെ എല്ലാ കാവൽക്കാരോടും ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള  25 ലക്ഷം സെക്യൂരിറ്റി ജീവനക്കാരുമായി ഓഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കവേയാണ് മോദി ക്ഷമാപണം നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍  കാവൽക്കാ‍ർ കള്ളൻമാരെന്ന് വിശേഷിപ്പിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. രാജ്യത്ത് വിവിധ മേഖലകളിലായി ജോലിയെടുക്കുന്ന കാവൽക്കാരുടെ ആത്മസമർപ്പണത്തെ അവഹേളിക്കുന്നതാണ് ‘കാവൽക്കാരൻ കള്ളനാണ്’ എന്ന പ്രചാരണം. ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി രാജ്യത്തിന്‍റെ കാവൽക്കാർ അധിക്ഷേപിക്കപ്പെട്ടതിന് താൻ മാപ്പ് പറയുന്നുവെന്നും പ്രധാനമന്ത്രി ഓഡിയോ കോൺഫറൻസിംഗിലൂടെ പറഞ്ഞു.


‘ചൗകീദാർ ചോർ ഹെ'( കാവൽക്കാരൻ കള്ളനാണ്)  എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  ഈ മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി ‘ഹം ഭീ ചൗകീദാർ’ ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങുകയും പ്രധാനമന്ത്രി തന്‍റെ ട്വിറ്റർ അക്കൗണ്ടിന്‍റെ പേര്  ‘ചൗകീദാർ നരേന്ദ്രമോദി’ എന്ന് മാറ്റുകയും ചെയ്തിരുന്നു.