രാഷ്ട്രീയക്കാരെ വരച്ചവരയില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ ഉദ്യോഗസ്ഥന്‍ ഒരു മലയാളിയാണ്

single-img
19 March 2019

രാഷ്ട്രീയക്കാരെ വിറളി പിടിപ്പിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശങ്ങള്‍.
ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കരുതെന്ന് പറഞ്ഞതാണ് ഇതിന് കാരണം. ടിക്കാറാം മീണ മലയാളിയല്ല. എന്നാല്‍, ഇതുപോലെ രാഷ്ട്രീയക്കാരെ വിറപ്പിച്ച മലയാളിയായൊരു മുന്‍ഗാമിയുണ്ട് അദ്ദേഹത്തിന്.

ടി എന്‍ ശേഷന്‍. ഇന്ത്യയുടെ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന വ്യക്തി. 1990 ല്‍ ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷന്‍ കമീഷണറായി സ്ഥാനമേറ്റ്, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇലക്ഷന്‍ കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്തു അദ്ദേഹം.

തെരഞ്ഞെടുപ്പ് അടുത്താല്‍ പാര്‍ട്ടിക്കാര്‍ക്ക് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ. ഒന്ന്, ദൈവത്തെ. രണ്ട്, ടി എന്‍ ശേഷനെ. അന്നൊക്കെ അദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതാപം അക്കാലത്ത്.

ശേഷന്‍ വരുന്നതിനു മുമ്പും നമ്മുടെ നാട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ടായിരുന്നു. 1950ല്‍ ആദ്യത്തെ കമ്മീഷണറായ സുകുമാര്‍ സെന്‍ മുതല്‍ ശേഷനു തൊട്ടുമുമ്പ് ഒരേയൊരു മാസത്തേക്ക് ആ പൊള്ളുന്ന കസേരയിലിരുന്ന വി എസ് രമാദേവി വരെ ഒമ്പതു പേര്‍. അതാതുകാലങ്ങളില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ഹിതമനുസരിച്ച് അവരുടെ വിരല്‍ത്തുമ്പില്‍ ചലിച്ചിരുന്ന തോല്‍പ്പാവകളായിരുന്നു അവരെല്ലാം.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിനു മുമ്പ് ശേഷന്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ ‘കാബിനറ്റ് സെക്രട്ടറി’ റാങ്കിലായിരുന്നു. അദ്ദേഹം ഏത് വകുപ്പില്‍ ജോലിചെയ്താലും ആ വകുപ്പുമന്ത്രിയുടെ പ്രതിച്ഛായ താമസിയാതെ മെച്ചപ്പെട്ടിരുന്നു. ഇതേ ടിഎന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോള്‍ മുമ്പ് സല്‍പേരുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിച്ച മന്ത്രിമാരെ ഒന്നില്ലാതെ മുഷിപ്പിച്ചു.

തരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയപ്പാര്‍ട്ടികളെക്കൊണ്ട് അതൊക്കെ അനുസരിപ്പിച്ച് അവരെ പെരുമാറ്റച്ചട്ടത്തിന്റെ വരച്ച വരയില്‍ നിര്‍ത്തിക്കാനുമൊക്കെയുള്ള ഗാംഭീര്യം ചീഫ് ഇലക്ഷന്‍ കമീഷണറുടെ ഓഫീസിന് അദ്ദേഹം നേടിക്കൊടുത്തു.

ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ ടിഎന്‍ ശേഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍

മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct) കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി

അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി നല്‍കി

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചു

നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി

സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ്

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍ നിര്‍ത്തി
തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം ഒഴിവാക്കി
ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം നിര്‍ത്തിച്ചു
ജാതി, മതം എന്നിവയുടെ പേരു പറഞ്ഞുള്ള പ്രചാരണം വിലക്കി
അമ്പലം, പള്ളി എന്നിവ കേന്ദ്രീകരിച്ചുള്ള പ്രചാരവേലകള്‍ വേണ്ടെന്നാക്കി
ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി