കൊല്ലം സീറ്റ് വേണ്ട, അതിനേക്കാള്‍ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുന്നത്: നേതൃത്വത്തെ കുത്തി കണ്ണന്താനം

single-img
19 March 2019

ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ‘പിണങ്ങി’ ബി.ജെ.പി നേതാക്കള്‍. മുന്‍വര്‍ഷങ്ങളില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ സീറ്റ് ലഭിച്ചിരുന്ന പല നേതാക്കള്‍ക്കും ഇക്കുറി ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകറുടെ നിര്യാണത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ ചര്‍ച്ച മുടങ്ങിയതോടെയാണ് സ്ഥാനാര്‍ഥിപട്ടികയില്‍ അന്തിമതീരുമാനം എടുക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. വൈകീട്ടോടെ പട്ടിക വരുമെന്ന പ്രതീക്ഷയിലാണ് കേരളഘടകം.

അതിനിടെ, കൊല്ലത്തു മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്തു മത്സരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ബിജെപി തന്നെ കൊല്ലത്തു മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തു മത്സരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ട്. പക്ഷേ, കൊല്ലത്ത് ആരെയും പരിചയമില്ല.

അതിലും ഭേദം തനിക്ക് മലപ്പുറം കിട്ടുന്നതാണ്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സരിക്കണമെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമാണെങ്കില്‍ കോട്ടയമോ എറണാകുളമോ പത്തനംതിട്ടയോ വേണം. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ മത്സരിക്കാന്‍ അവിടെയാണ് താല്‍പര്യമെന്നും കണ്ണന്താനം പറഞ്ഞു.