വിലകൂടിയ കാറുകളില്‍ സ്ത്രീകളെ ഒപ്പമിരുത്തി കഞ്ചാവ് കടത്ത്: ബോംബെ ഭായി പിടിയില്‍

single-img
18 March 2019

ബോംബെ ഭായി എന്നറിയപ്പെടുന്ന കുപ്രസിദ്ധ കഞ്ചാവ് കടത്തുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ വളപട്ടണം കെ.വി ഹൗസില്‍ ആഷിഖാണ് (26) രണ്ടുകിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ആവശ്യക്കാരനെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.

നഗരത്തില്‍ ഓട്ടോ ഓടിച്ചിരുന്ന ഇയാള്‍ പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്കു തിരിയുകയായിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു കഞ്ചാവ് വാങ്ങി 500 രൂപ മുതല്‍ 1000 രൂപ വരെ വിലയുള്ള പൊതികളാക്കി വിറ്റായിരുന്നു തുടക്കം. അമിത ലാഭം കിട്ടിത്തുടങ്ങിയപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്നതു നിര്‍ത്തി, തട്ടുകട തുടങ്ങി. ഇതിന്റെ മറവില്‍, ഭക്ഷണം വാങ്ങാന്‍ വരുന്നവരെന്ന വ്യാജേന ഇടപാടുകാരെ വിളിച്ചു വരുത്തി കഞ്ചാവ് വിതരണം വ്യാപിപ്പിച്ചു.

കൂടുതല്‍ പണം കൈയിലെത്തിത്തുടങ്ങിയതോടെ ഇന്നോവ, ഡസ്റ്റര്‍ തുടങ്ങിയ വിലകൂടിയ കാറുകള്‍ വാടകയ്ക്ക് എടുത്ത് നേരിട്ട് തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ചുതുടങ്ങി. പരിശോധനയില്‍ സംശയം തോന്നാതിരിക്കാന്‍ സ്ത്രീകളെ ഒപ്പമിരുത്തിയായിരുന്നു കഞ്ചാവ് കടത്ത്. ആദ്യം കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് കഞ്ചാവ് കടത്ത് നടത്തി വന്നിരുന്ന ഇയാള്‍, ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയപ്പോള്‍ ബംഗളൂരുവില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചുതുടങ്ങി.

മാസത്തില്‍ മൂന്നോ നാലോ തവണയായി 10 മുതല്‍ 20 കിലോ വരെ കഞ്ചാവ് ഇയാള്‍ കടത്താറുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുറികള്‍ വാടകയ്‌ക്കെടുത്ത്, ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തു. വിശ്വസ്തരായ ചില്ലറ വില്‍പനക്കാര്‍ക്കു മാത്രമാണു നേരിട്ടു കഞ്ചാവ് നല്‍കിയിരുന്നത്. പുതിയ ആവശ്യക്കാര്‍ക്ക് ഏജന്റുമാര്‍ വഴിയായിരുന്നു വിതരണം. ഏജന്റുമാര്‍ക്കു മാസ ശമ്പളവും ലഹരിമരുന്നുമായിരുന്നു പ്രതിഫലം.

ബോംബെ ഭായ് എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. 15,000 രൂപയ്ക്കു മേല്‍ പ്രതിമാസ വാടകയുള്ള വീടുകളിലാണു താമസം. ഒരു സ്ഥലത്തും അധികനാള്‍ തങ്ങില്ല. വേഷത്തിലും രൂപത്തിലും ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.