പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം; കെ സുരേന്ദ്രന് ആറ്റിങ്ങല്‍ മണ്ഡലം നല്‍കാന്‍ നീക്കം; അണികള്‍ അതൃപ്തിയില്‍

single-img
18 March 2019

ബിജെപിയില്‍ പത്തനംതിട്ടയ്ക്കായി പോരു മുറുകി. ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി നേതാക്കള്‍ക്കിടയില്‍ ശക്തമായ വടംവലിയാണ് നടക്കുന്നത്. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി.

നിലപാട് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്‍കി. നേരത്തേ തന്നെ പത്തനംതിട്ട ജില്ലക്കായി എം ടി രമേശും കെ സുരേന്ദ്രനും രംഗത്തുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയര്‍ത്തിയ കാര്യമാണ് എം ടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്റെ കൂടി പ്രവര്‍ത്തനഫലമാണെന്ന് എംടി രമേശ് അവകാശപ്പെടുന്നുണ്ട്.

തുഷാറിന്റെ വരവോടെ തൃശൂര്‍ നഷ്ടപ്പെട്ട കെ സുരേന്ദ്രന് ആറ്റിങ്ങല്‍ മണ്ഡലം നല്‍കാനാണ് നീക്കം. പത്തനംതിട്ടയോ തൃശൂരോ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കെ സുരേന്ദ്രന്‍, കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് എതിരു നില്‍ക്കില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

അതേസമയം, ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ വന്‍ പ്രതിഷേധം ഉയരുമെന്ന സൂചനയും ചില നേതാക്കള്‍ നല്‍കുന്നു. ശബരിമല സമര നായകനായ കെ. സുരേന്ദ്രന് സീറ്റ് നിഷേധിക്കുകയും ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റ് നല്‍കുകയും ചെയ്താല്‍ മറ്റ് മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രകടനത്തെ അത് ബാധിക്കുമോ എന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇഷ്ടപ്പെട്ട സീറ്റില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന നിലപാടെടുത്ത എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സംഘടനാ രംഗത്ത് തുടരും. ബിഡിജെഎസില്‍ നിന്ന് തിരികെ വാങ്ങിയ എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് പ്രഥമ പരിഗണന. പത്തനംതിട്ട കിട്ടിയെങ്കില്‍ മാത്രമേ മല്‍സരിക്കൂ എന്ന നിലപാടില്‍ കണ്ണന്താനം ഉറച്ച് നിന്നാല്‍ കേന്ദ്ര നേതൃത്വം എറണാകുളത്ത് ടോം വടക്കനെ നിര്‍ദേശിച്ചേക്കും.

അതിനിടെ, എല്‍.ഡി.എഫ് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഒന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. യു.ഡി.എഫ് നാല് സീറ്റില്‍ ഒഴികെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിക്കഴിഞ്ഞു. ഇനിയും സ്ഥാനാര്‍ത്ഥി പട്ടിക വൈകിയാല്‍ അത് പ്രചാരണത്തെ ബാധിക്കുമോ എന്നാണ് ബി.ജെ.പി അണികളുടെ ആശങ്ക.