പത്തനംതിട്ട തന്റെ പ്രവർത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കണമെന്നും കണ്ണന്താനം: വേണ്ടെന്ന് ബി.ജെ.പി

single-img
17 March 2019

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയിൽ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയിലും അന്തിമ രൂപമായില്ല. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം എടുക്കുക. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായി. തൃശൂരിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

കേന്ദ്രനേതൃത്വവുമായുള്ള ചർച്ചയിൽ പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലി ആശയക്കുഴപ്പം ഉയർന്നിരുന്നു. കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനം മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചതോടെയാണ് പത്തനംതിട്ട സീറ്റിൽ തീരുമാനമെടുക്കുന്നത് വൈകിയത്. പി.എസ്. ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയവരുടെ പേരുകളാണ് ഇവിടെ പരിഗണനയിലുണ്ടായിരുന്നത്.

സംസ്ഥാനഘടകം തയ്യാറാക്കിയ പട്ടികയിൽ കണ്ണന്താനത്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ, പത്തനംതിട്ട കിട്ടിയാൽ മത്സരിക്കാമെന്ന നിലപാടാണ് കണ്ണന്താനത്തിനുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ കേരള ഹൗസിലെത്തി അദ്ദേഹം സംസ്ഥാനനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തനംതിട്ട തന്റെ പ്രവർത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും അറിയിച്ചു. ഇതേസമയം രാത്രി വൈകി 12.30 വരെ തുടർന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിനുശേഷം പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയുടെ പേരാണ് അന്തിമ പരിഗണനയിലുള്ളതെന്നാണ് സംസ്ഥാനനേതാക്കാൾ നൽകുന്ന സൂചന.