പൊള്ളാച്ചി പീഡനം; ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നു മദ്രാസ് ഹൈക്കോടതി; തമിഴ്‌നാട്ടിലുടനീളം വിദ്യാര്‍ഥികളുടെ പ്രതിഷേധം; കോളേജുകള്‍ക്ക് അവധി

single-img
16 March 2019

പൊള്ളാച്ചി പീഡന കേസിലെ മുഖ്യ പ്രതി തിരുനാവക്കരശിനെ 4 ദിവസം സിബിസിഐഡി കസ്റ്റഡിയില്‍ വിട്ട് കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു സിബിസിഐഡി നല്‍കിയ ഹര്‍ജിയിലാണു നടപടി. സിബിഐ കേസ് ഏറ്റെടുക്കുന്നതിനു പിന്നാലെ കേസില്‍ ശേഖരിച്ച തെളിവുകള്‍ കൈമാറുമെന്നു സിബിസിഐഡി വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐക്കു മറ്റൊരു ഹര്‍ജി നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോടതിയില്‍ നേരിട്ടെത്തിച്ചാല്‍ പൊതുജനങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു തിരുനാവക്കരശിനെ ഹാജരാക്കിയത്. തിരുനാവക്കരശിന്റെ മാക്കി നാം പട്ടിയിലെ വീട്ടില്‍ സിബിസിഐഡി അധികൃതര്‍ പരിശോധന നടത്തി.

എസ് പി നിഷാ പാര്‍ത്ഥിപന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന അഞ്ച് മണിക്കൂറോളം നീണ്ടു. പത്തോളം മൊബൈല്‍ ഫോണ്‍, നിരവധി സിം കാര്‍ഡുകള്‍, ചെക്ക് ലീഫ്, പെന്‍ഡ്രൈവുകള്‍, ഫോട്ടോസ്, കോളജ് പഠന കാലത്തെ ആല്‍ബങ്ങള്‍ തുടങ്ങിയവ അധികൃതര്‍ കണ്ടെടുത്തു. ബന്ധുക്കളില്‍ നിന്നു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. പ്രതികള്‍ യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതു ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു നടപടി.

പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍, കോടതി രേഖകളില്‍ അടക്കം രഹസ്യമായി സൂക്ഷിക്കണമെന്നു സുപ്രീംകോടതി ഉത്തരവുണ്ടെന്നും പൊള്ളാച്ചി സംഭവത്തില്‍ ഇതു പാലിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

പീഡനത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പൊള്ളാച്ചി എസ്പി പാണ്ഡ്യരാജന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പീഡനക്കേസുകള്‍ വേഗത്തില്‍ അന്വേഷിച്ചു തീര്‍പ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതി നിര്‍ദേശങ്ങള്‍ തമിഴ്‌നാട് പൊലീസ് പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമം, പൊള്ളാച്ചി പീഡനക്കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്ടിലുടനീളം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധം തടയാന്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകളിലെ കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍ വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥിനികളെയും, യുവതികളെയും അണിനിരത്തി മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. തമിഴ്‌നാട്ടില്‍ പലയിടത്തും വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. കോയമ്പത്തൂരില്‍ റോഡ് ഉപരോധിച്ച വിദ്യാര്‍ഥികളെ പൊലീസ് കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.