‘ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലും അന്വേഷിച്ചു വന്നാല്‍ ബാലന്‍സ് തുക കൈപറ്റാവുന്നതാണ്’; 1868 രൂപ ബാക്കി വാങ്ങാതെ ഇറങ്ങിപ്പോയ യാത്രക്കാരിയെ കാത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍

single-img
16 March 2019

ചില്ലറയില്ലാത്തതിനാല്‍ ഒരു യാത്രക്കാരിക്ക് തിരിച്ചു നല്‍കാന്‍ മറന്ന 1868 രൂപയുമായി കാത്തിരിക്കുകയാണ് കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ ലിവിന്‍ ഫ്രാന്‍സിസ് എന്ന കണ്ടക്ടര്‍. ഈ മാസം ആറാം തീയതി കൊട്ടാരക്കരയില്‍ നിന്ന് നാഗര്‍കോവിലേയ്ക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസില്‍ കൊട്ടാരക്കരയില്‍ നിന്ന് കയറിയ പ്രായമായ സ്ത്രീയും അവരോടോപ്പമുളള മറ്റൊരു സ്ത്രീയും 132 രൂപയുടെ ടിക്കറ്റിനായി 2000 രൂപ കണ്ടക്ടര്‍ക്ക് നല്‍കി.

എന്നാല്‍ 1868 രൂപ തിരിച്ചു നല്‍കാന്‍ ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റിന്റെ മറുവശം വാങ്ങേണ്ട തുക ലിവിന്‍ എഴുതി നല്‍കി. മെഷിന്‍ കളക്ഷനെക്കാള്‍ 1868 രൂപ ബാഗില്‍ കണ്ടതോടെയാണ് പ്രായമായ സ്ത്രീ ബാക്കി തുക തിരികെ വാങ്ങിയിട്ടില്ലെന്ന് ലിവിന്‍ മനസിലാക്കുന്നതും.

ബസില്‍ നിന്നും ഇരുവരും ഇറങ്ങിപ്പോയതിനാല്‍ ആ തുക കൊട്ടാരക്കര ഡിപ്പോയില്‍ യുആര്‍ബിയായി അടയ്ക്കുകയായിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും ഈ തുക കൈപ്പറ്റാന്‍ ആരും എത്തിയിട്ടില്ല. കെഎസ്ആര്‍ടിസിയിലേക്ക് എത്തുന്ന പണം 30 ദിവസം വരെ മാത്രമേ ഉടമയ്ക്ക് നല്‍കാനായി സൂക്ഷിക്കുകയുള്ളു, 30 ദിവസം കഴിഞ്ഞാല്‍ തുക കോര്‍പ്പറേഷനിലേയ്ക്ക് കൈമാറുകയും ചെയ്യും. ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലും അന്വേഷിച്ചു വന്നാല്‍ ആളെ മനസ്സിലാക്കി കഴിഞ്ഞാല്‍ ബാലന്‍സ് തുക കൈപറ്റാവുന്നതാണെന്ന് ലിവിന്‍ പറയുന്നു.

https://www.facebook.com/photo.php?fbid=2765733316800173&set=a.447207875319407&type=3