‘ബിജെപിയില്‍ ചേര്‍ന്നാല്‍ കുറ്റങ്ങളെല്ലാം ഇല്ലാതാകും’; തിരിഞ്ഞുകുത്തി വടക്കന്റെ പഴയ ട്വീറ്റ്; കേരള നേതാക്കള്‍ക്ക് അമര്‍ഷം

single-img
15 March 2019

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്റെ പഴയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. കോണ്‍ഗ്രസ് വക്താവായി ഇരുന്നുകൊണ്ട് ബിജെപിയെ വിമര്‍ശിച്ച് നടത്തിയ ട്വീറ്റുകളെല്ലാം ഇപ്പോള്‍ വടക്കനെ തിരിഞ്ഞുകുത്തുകയാണ്.

അവസരവാദ നിലപാട് സ്വീകരിച്ച് ഒരു പാര്‍ട്ടി മാറി മറ്റൊന്നില്‍ ചേരുന്ന നേതാക്കളെ പരിഹസിച്ച് ഒരു മാസം മുന്‍പ് വടക്കന്‍ ചെയ്ത ട്വീറ്റാണ് ഇതിലൊന്ന്. ബിജെപിയില്‍ ചേരുകയാണെങ്കില്‍ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും കഴുകി വെടിപ്പാക്കപ്പെടും എന്നായിരുന്നു ഫെബ്രുവരി മൂന്നിന് വടക്കന്റെ ട്വീറ്റ്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ശാരദ ചിട്ടി തട്ടിപ്പ് കേസ് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള വടക്കന്റെ ട്വീറ്റ്. ടോംവടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുയാണ് നിരവധി പേര്‍.

ഇപ്പോള്‍ താങ്കളുടെ കുറ്റകൃത്യങ്ങളെല്ലാം ഇല്ലാതായോ എന്നാണ് വടക്കന്റെ ട്വീറ്റിനു കീഴില്‍ പെരുകുന്ന കമന്റുകളെല്ലാം ചോദിക്കുന്നത്. ടോം വടക്കന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും പലരും പരിഹസിക്കുന്നു.

അതിനിടെ, ടോം വടക്കന്റെ വരവില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് ആശങ്ക. വടക്കന്‍ സ്ഥാനാര്‍ഥിയായാല്‍ ധാരണയായ പലരും മാറേണ്ടിവരും. തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിച്ചിട്ടുമില്ല. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലൊന്നില്‍ വടക്കന്‍ സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകും.

മിക്ക മണ്ഡലങ്ങളില്‍ നിന്നും മൂന്നുപേരടങ്ങുന്ന പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ശനിയാഴ്ച പട്ടിക പ്രഖ്യാപിക്കുമെന്നാണറിയുന്നത്. ചിലയിടങ്ങളില്‍ കേന്ദ്ര കമ്മിറ്റി നേരിട്ട് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് ലഭിച്ചില്ലെങ്കില്‍ മത്സരത്തിനില്ലെന്ന നിലപാടിലാണ് ജന.സെക്രട്ടറി കെ. സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ പരിഗണനയിലുള്ള ഒന്നാം പേരുകാരന്‍ പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയാണ്. ടോം വടക്കന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ പത്തനംതിട്ടയില്‍ പിള്ള വിട്ടുവീഴ്ചക്ക് തയാറാകേണ്ടിവരും.

അദ്ദേഹം അതിന് തയാറായില്ലെങ്കില്‍ സുരേന്ദ്രന് സീറ്റില്ലാതാകും. വടക്കന്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായാല്‍ പിള്ളയുടെ വിശ്വസ്തന്മാരിലൊരാളായ എ.എന്‍. രാധാകൃഷ്ണന് സീറ്റ് നഷ്ടപ്പെടും. ശ്രീധരന്‍ പിള്ളയുടെ പ്രസിഡന്റ് സ്ഥാനവും തുലാസിലാണ്.

കുമ്മനം രാജശേഖരന്റ മടങ്ങിവരവും കെ. സുരേന്ദ്രന്‍ ഉള്‍പ്പെട്ട വിഭാഗം കരുത്താര്‍ജിച്ചതും പിള്ളക്ക് ഭീഷണിയായുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ പിള്ള തെറിക്കാനുള്ള സാധ്യതയും ഏറെയാണ്.