പ്രളയം നടക്കുമ്പോൾ കേരളത്തിൽ ഇല്ലാതിരുന്ന കുമ്മനം എങ്ങനെയാണ് ആറന്മുളയിലെ ഗ്രാമങ്ങൾ രക്ഷിച്ചത്; സുഗതകുമാരിയുടെ കുമ്മനത്തിന് അനുകൂലമായ പ്രസ്താവന ചോദ്യം ചെയ്യപ്പെടുന്നു

single-img
15 March 2019

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്ന  ഒരു പ്രസ്താവനയാണ് കവയത്രി സുഗതകുമാരി മുൻ മിസോറാം ഗവർണ്ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരനെ പുകഴ്ത്തി  സംസാരിച്ചത്. പ്രളയത്തിൽ നിന്നും ആറൻമുളയെ രക്ഷിച്ചത് കുമ്മനമാണെന്നാണ് സുഗതകുമാരിയുടെ പ്രശംസ. എന്നാൽ അന്ന് കേരളത്തിൽ ഇല്ലാതിരുന്ന കുമ്മനം എങ്ങനെയാണ് പ്രളയത്തിൽ നിന്ന് ആറന്മുളയെ രക്ഷിച്ചതെന്ന് ചോദ്യമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ കൂടികാഴ്ചയിലാണ് സുഗതകുമാരിയുടെ പ്രസ്താവന. കുമ്മനം ഇല്ലായിരുന്നെങ്കില്‍ ആറന്‍മുളയിലെ ഗ്രാമങ്ങള്‍ കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ച് പോയേനെ. നൂറു കണക്കിനു ഏക്കര്‍ ഭൂമി കോണ്‍ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും  സുഗതകുമാരി പറഞ്ഞിരുന്നു.

2018 ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായിരുന്നു  കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയം സംഭവിച്ചത്.  കുമ്മനം രാജശേഖരൻ ഗവർണർ ചുമതലയിൽ മിസോറാമിൽ ആയിരുന്നു.  2018 മെയ് 25 നാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി ചാർജ് ഏറ്റെടുത്തത്.  പ്രളയം നടക്കുന്ന സമയത്ത് മിസോറം ഗവർണർ ആയി ഇരിക്കുന്ന വ്യക്തി എങ്ങനെയാണ് സുഗതകുമാരി പറഞ്ഞതുപോലെ ഗ്രാമങ്ങളെ രക്ഷിച്ചത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ആറന്മുളയിൽ വിമാനത്താവളം വരുന്നതിനെതിരെ കുമ്മനം നടത്തിയ സമരമാണ് സുഗതകുമാരി പ്രതിപാദിച്ചതെന്നും വുമാനത്താവളം വന്നിരുന്നെങ്കിൽ പ്രളയത്തിൽ ആറന്മുളയിലെ ഗ്രാമങ്ങൾ ഒലിച്ചു പോകുമായിരുന്നുവെന്നാണ് സുഗതകുമാരി പറഞ്ഞതെന്നും ബിജെപി പ്രവർത്തകർ പ്രതിരോധിക്കുന്നുണ്ട്.

പ്രളയത്തിൽ നിന്നും കേരളത്തെ രക്ഷിച്ച കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹമുണ്ടാകുമെന്നും  സുഗതകുമാരി പറഞ്ഞിരുന്നു. സുഗതകുമാരിയുടെ അനുഗ്രഹം ആറന്‍മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.